കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയോടെ അറേബ്യന്‍ സമുദ്രത്തില്‍ ന്യൂനമര്‍ദവും തുടര്‍ന്ന് ചുഴലിക്കാറ്റും രൂപമെടുക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കിയിലും മലപ്പുറത്തും യെല്ലോ അലര്‍ട്ട് നിലവില്‍ വന്നു.
നാളെ ഇടുക്കിയിലും വ്യാഴാഴ്ച തിരുവനന്തപുരത്തും ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയഴ്ചയോടെ മഴശക്തമാകാനാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
അറേബ്യന്‍ സമുദ്രത്തില്‍ ചുഴലിക്കാറ്റ് രൂപമെടുക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം രൂപമെടുക്കും. അതിന് ശേഷം ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുന്ന ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ചുഴലിക്കൊടുങ്കാറ്റായി മാറിയേക്കാം.
മത്സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ പതിമൂന്നാം തീയതിയോടെ ഏറ്റവും അടുത്ത തീരത്തേക്ക് മടങ്ങണം. വ്യാഴാഴ്ചമുതല്കേരളതീരത്ത് മത്സ്യബന്ധനം നിരോധിച്ചു. കടലിനോട് അടുത്ത് താമസിക്കുന്നവര്‍ ആവശ്യമെങ്കില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണം. നദികളുടെ തടാകങ്ങളുടെയും സമീപത്ത് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
അതിശക്തമായ മഴക്കും കാറ്റിനും ഇടയുള്ളതിനാല്‍ കെടിടുറപ്പില്ലാത്ത വീടുകളില്താമസിക്കുന്നവര് ശ്രദ്ധിക്കണം. മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും ഇടയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യാനും വൈദ്യുതി പോസ്റ്റുകള്‍ സുരക്ഷിതമാക്കാനും ജില്ലാ ഭരണകൂടങ്ങള്‍ ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്കി.

