ആയുര്‍വേദത്തെ ആഗോള പ്രശസ്തിയിലേക്കും സര്‍വ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരന്മാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആയുര്‍വേദത്തിന്റെ ശാസ്ത്രീയതയാണ് ഡോ. പികെ വാര്യര്‍ മുന്നോട്ട് വെച്ചതും ലോകത്തെ ബോധ്യപ്പെടുത്തിയതും. ഈ ദൗത്യം അദ്ദേഹത്തെ പോലുള്ളവര്‍ ഏറ്റെടുത്തില്ലെങ്കില്‍ ആയുര്‍വേദത്തിന് അന്താരാഷ്ട്ര രംഗത്ത് ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല.
മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തില്‍ ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ചികിത്സക്ക് പണം തടസ്സമാകരുത് എന്ന ചിന്തയോടെ ആയുര്‍വേദത്തിന്റെ സിദ്ധികളെ അദ്ദേഹം സമൂഹത്തിന്റെ താഴേതലത്തില്‍ വരെയെത്തിച്ചു. രാഷ്ട്രത്തലവന്മാര് മുതല്‍ അഗതികള്‍ വരെ അദ്ദേഹത്തെ ചികിത്സ തേടി സമീപിച്ചു. വൈദ്യസമൂഹത്തിന്റെ സഹായത്തോടെ അവര്‍ക്കാകെ അദ്ദേഹം രോഗശുശ്രൂഷയും സാന്ത്വനവും നല്കി.
അദ്ദേഹത്തിന്റെ ഭരണനൈപുണ്യം എടുത്ത് പറയേണ്ടതുണ്ട്. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയെ പുരോഗതിയിലേക്കും ആധുനികതയിലേക്കും അദ്ദേഹം നയിച്ചു. പാരമ്പര്യത്തിന്റെ മൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ നവീനതയെ ഉള്‍ക്കൊണ്ടു. വിറകടുപ്പില്‍ നിന്നും സ്റ്റീം പ്ലാന്റുകളിലേക്കും, കുപ്പിക്കഷായങ്ങളില്‍ നിന്നും ടാബ്ലറ്റുകളിലേക്കും, തൈലങ്ങളില്‍ നിന്ന് ജെല്‍ രൂപത്തിലേക്കും മാറി. ഔഷധ സസ്യങ്ങളെക്കുറിച്ച് അഞ്ചു വാല്യങ്ങളിലായി ഒരു ആധികാരിക ഗ്രന്ഥം പുറത്തിറക്കാന്‍ അദ്ദേഹം നേതൃത്വം നല്കി. വിലമതിക്കാനാകാത്ത സംഭാവനയാണിത്.
മതനിരപേക്ഷവും പുരോഗമനപ്രദവുമായ വീക്ഷണം എന്നും അദ്ദേഹത്തിന്റെ മുഖമുദ്രയായി. വ്യക്തിബന്ധങ്ങള്‍ക്ക് വില കല്പ്പിച്ചു. ഈ ആതുര സേവകന് കേരളത്തിലെ ആയുര്‍വേദ രംഗത്തെ കുലപതിയാണ്. വൈദ്യരത്നം പി എസ് വാര്യര്‍ തുടങ്ങിവെച്ച ആര്യ വൈദ്യശാലയെ 68 വര്‍ഷം പി കെ വാര്യര്‍ നയിച്ചു. അദ്ദേഹം എന്നും സ്നേഹ വാല്‍സല്യങ്ങളോടെയുള്ള പരിഗണന എനിക്ക് നല്‍കിയിരുന്നു എന്നതും ഓര്‍മ്മിക്കുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കുടുംബത്തെയും വൈദ്യശാലയേയും അദ്ദേഹത്തെ സ്നേഹ ബഹുമാനങ്ങളോടെ കാണുന്ന സമൂഹത്തെയാകെ ദുഃഖം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ സ്പീക്കര്‍ അനുശോചിച്ചു:
ആയുര്‍വേദത്തിന്റെ മറുവാക്കായിരുന്നു ഡോ.പി.കെ വാര്യര്‍ കേരളത്തിലെ ആയുര്‍വേദ ചികിത്സയ്ക്കും, ആയുര്‍വേദം ജീവിതത്തിന്റെ ഭാഗമാക്കുന്നതിനും വലിയ സംഭാവനകള്‍ നല്കിയ ആചാര്യനാണ്. ആയുര്‍വേദം ഒരു ചികിത്സാക്രമം എന്ന നിലയിലും, ആധുനിക വിദ്യാഭ്യാസത്തില്‍ ആയുര്‍വേദത്തിന് ശക്തമായിട്ടുള്ള ഒരു സ്ഥാനം നല്‍കുന്നതിനും അദ്ദേഹം മുഖ്യമായിട്ടുള്ള പങ്ക് വഹിച്ചു.
6 ദശാബ്ദത്തില്‍ അധികമായിട്ടുള്ള കോട്ടക്കല്‍ ആര്യവൈദ്യശാല യുടെ അധിപനായ പി.കെ വാര്യര്‍ കേരളത്തിലെ ഉന്നത ജീവിത മാതൃകകളില്‍ ഒരാളാണ്. ഡോ. പി.കെ വാര്യരുടെ എളിമയും ഉയര്‍ന്ന ചിന്തയും പുതിയ ആശയങ്ങള്‍ സ്വീകരിക്കാനുള്ള ഹൃദയ വിശാലതയും അദ്ദേഹത്തെ വ്യത്യസ്തനാക്കി നിര്‍ത്തിയിരുന്നു.
കേരളത്തിലെ സാമൂഹ്യ ചലനങ്ങളില്‍ പ്രത്യേക താല്പര്യം പ്രകടിപ്പിക്കുകയും സാമൂഹ്യ രംഗത്തെ പ്രമുഖരും ആയി വളരെ അടുത്ത ഹൃദയ ബന്ധം സ്ഥാപിക്കുകയും ചെയ്ത മഹാനായ ഒരു ആചാര്യനായിരുന്നു പത്മഭൂഷന്‍ ഡോക്ടര്‍ പി കെ വാര്യര്‍.
ആയുര്‍വേദത്തെ ജനകീയമാക്കിയ ആചാര്യന്: മന്ത്രി കെ. രാധാകൃഷണന്
ആയുര്‍വേദത്തെ ജനകീയമാക്കുകയും അന്താരാഷ്ട തലത്തിലേക്കു ഉയര്‍ത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഡോ. പികെ വാര്യരെന്ന് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. പ്രകൃതിയോട് ഇണങ്ങി ആയുര്‍വേദ സംസ്കാരം കെട്ടിപ്പെടുത്ത ദീക്ഷണശാലിയായിരുന്നു അദ്ദേഹം. സഹാനുഭൂതിയും കാര്യണ്യവും എന്നെന്നും നിലനിര്‍ത്തുകയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു തണലായി മികച്ച സൗജന്യ ചികിത്സ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്ന ആയുര്‍വേദ ആചാര്യനായിരുന്നുവെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കേരളം ലോകത്തിന് സമ്മാനിച്ച പ്രതിഭ: ജോസ് കെ മാണി
കേരളം ലോകത്തിന് സമ്മാനിച്ച വൈദ്യശാസ്ത്ര കുലപതിയാണ് ഡോ. പി.കെ. വാര്യരെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. ആയുര്‍വേദത്തില്‍ സമഗ്ര ചികിത്സാ സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ഡോ. വാര്യരാണ്. അദ്ദേഹത്തിന്റെ രചനകളും പ്രഭാഷണങ്ങളും ആയുര്‍വേദ വൈദ്യ ശാസ്ത്രത്തെ ലോക ശ്രദ്ധയിലെത്തിച്ചു. കോട്ടയ്ക്കല്‍ എന്ന ഗ്രാമം കേരളത്തിന്റെ ബ്രാന്റ് നെയിം ആയത് ഡോ പി.കെ. വാര്യരുടെ പ്രതിഭാവിലാസം കൊണ്ടാണ്.
സ്നേഹവും മനുഷ്യത്വവും തുല്യത്തില്‍ ചാലിച്ചാണ് അദ്ദേഹം ചികിത്സ നടത്തിയിരുന്നത്. ആ യാത്ര അവസാനിച്ചിരിക്കുന്നത് ശതപൂര്ണിമയിലാണ്. സത്യം, ധര്‍മം, മാനവികത എന്ന അടിസ്ഥാന മൂല്യങ്ങളില്‍ പദമൂന്നി നിന്ന് തന്റെ ജീവിതലക്ഷ്യം പൂര്‍ത്തിയാക്കിയ ഡോ. പി.കെ. വാര്യരുടെ ഓര്‍മ്മകള്‍ തലമുറകള്‍ക്ക് മാതൃകയായി, എന്നും നമുക്കൊപ്പമുണ്ടാകട്ടെയെന്ന് ജോസ് കെ മാണി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
രമേശ് ചെന്നിത്തല അനുശോചിച്ചു:
ആയുര്‍വ്വേദത്തിന്റെ പെരുമ ലോകമെങ്ങും എത്തിച്ച വൈദ്യകുലോത്തമനെന്ന നിലയില്‍ ഡോ. പി.കെ. വാരിയരുടെ നാമം എക്കാലവും സ്മരിക്കപ്പെടുമെന്ന് രമേശ് ചെന്നിത്തല ഒരു അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
ഗുണമേന്മയുള്ള ഔഷധങ്ങള്‍ വിപുലമായ തോതില്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിലൂടെ ആയുര്‍വ്വേദം എന്നാല്‍ കോട്ടയ്ക്കല്‍ എന്ന നിലയിലേക്ക്, താന്‍ നേതൃത്വം നല്കിയ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയെ ഉയര്‍ത്തിയ ഡോ.വാരിയര്‍ തന്റെ ജീവിതം ആയുര്‍വ്വേദത്തിനുവേണ്ടി ഉഴിഞ്ഞുവയ്ക്കുകയായിരുന്നു എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വേര്‍പാട് അപരിഹാര്യമായ നഷ്ടമാണെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രി വി ശിവന്‍കുട്ടി അനുശോചിച്ചു:
രാജ്യാന്തര തലത്തില്‍ ആയുര്‍വേദത്തിന് സ്വീകാര്യത നേടിക്കൊടുത്ത പ്രമുഖ ഭിഷഗ്വരനാണ് ഡോ. പി.കെ വാര്യരെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. വൈദ്യശാസ്ത്ര രംഗത്തെ മഹദ് വ്യക്തിത്വമാണ് അദ്ദേഹം. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയെ അദ്ദേഹം പുരോഗതിയിലേയ്ക്ക് നയിച്ചു. അദ്ദേഹത്തിന്റെ മതേതര പുരോഗമന വീക്ഷണങ്ങള്‍ എടുത്തു പറയേണ്ടതാണെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടി അനുശോചിച്ചു:
ആയുര്‍വേദത്തിന് ആഗോള പ്രശസ്തി നേടിക്കൊടുത്ത കേരളത്തിന്റെ മഹാവൈദ്യനാണ് ഡോ. പി. കെ വാര്യറെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഏഴു ദശാബ്ദം നേതൃത്വം നല്കി നൂറാം വയസില്‍ വിടവാങ്ങിയപ്പോള്‍ 400 കോടി രൂപ വിറ്റുവരവും 2000 പേര്‍ക്ക് തൊഴിലും നല്കുന്ന മഹാപ്രസ്ഥാനമായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയെ മാറ്റിയെടുക്കാന്‍ സാധിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലൂടെ സൗഖ്യം നേടിയത്.
കേരളത്തിന്റെ സ്വന്തം എന്നവകാശപ്പെടുന്ന ആയുര്‍വേദത്തിന് ഡോ. പികെ വാര്യര്‍ നല്കിയ അതുല്യമായ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും.
കെ. സുരേന്ദ്രന് അനുശോചിച്ചു:
ആയുര്‍വേദ കുലപതി ഡോ:പി.കെ. വാര്യരുടെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് അനുശോചിച്ചു. ആതുര സേവന രംഗത്ത് തന്റേതായ കയ്യൊപ്പ് പതിപ്പിച്ച വ്യക്തിത്വമായിരുന്നു പികെ വാര്യര്‍. രാജ്യം അദ്ദേഹത്തെ പദ്മശ്രീയും പദ്മഭൂഷണും നല്കി ആദരിച്ചത് അദ്ദേഹം ആയുര്‍വേദത്തിന് നല്കിയ വിലപ്പെട്ട സംഭാവന കാരണമാണ്. ആയുര്‍വേദ ആചാര്യനായ അദ്ദേഹത്തിന്റെ വിയോഗം സംസ്ഥാനത്തിന് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും സുരേന്ദ്രന് പറഞ്ഞു.
ഗവര്‍ണര്‍ അനുശോചിച്ചു:
ആയുര്‍വേദ ആചാര്യന് പദ്മഭൂഷണ്‍ ഡോ പികെ വാര്യരുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുശോചിച്ചു. ‘ആയുര്‍വേദത്തിലെ ശാസ്ത്രീയ രീതികള്‍ പിന്തുടരുന്നതില് പ്രതിബദ്ധനായിരുന്ന അദ്ദേഹംആ വൈദ്യശാസ്ത്രത്തിന്റെ ആധുനികീകരണത്തിന് നല്കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും.
ഏവര്‍ക്കും ആരോഗ്യവും അന്തസാര്‍ന്ന ജീവിതവും ഉള്ള ഒരു സമൂഹം സ്വപ്നം കണ്ട ഈ മനുഷ്യസ്നേഹിയുടെനിര്യാണം വൈദ്യശാസ്ത്രത്തിന് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് മുക്തി പ്രാപിക്കട്ടെ. – ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.

