എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. താന്‍ എന്നുമൊരു കോണ്ഗ്രസുകാരന് ആണെന്നും സ്ഥാനമാനങ്ങള്‍ നല്കിയതും തന്നെ വലുതാക്കിയതും കോണ്‍ഗ്രസ് തന്നെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതിനാല്‍ തന്നെ തന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് പാര്‍ട്ടിയോടാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫോ കോണ്‍ഗ്രസോ ആരെയും മുഖ്യമന്ത്രിയായി പ്രോജക്ട്ട് ചെയ്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറയുന്നു. തന്നെ പ്രോജക്റ്റ് ചെയ്തത് കൊണ്ടാണ് യുഡിഎഫ് പരാജയപ്പെട്ടതെന്ന വിമര്‍ശനം നിലനില്‍ക്കില്ല. താന്‍ എന്നുമൊരു കോണ്‍ഗ്രസുകാരനും തികഞ്ഞ മതേതരവാദിയുമാണ്. വ്യക്തി ജീവിതത്തിലോ രാഷ്ട്രീയ ജീവിതത്തിലോ മതേതര നിലപാടില്‍ ഒരിക്കലും താന്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് ജി സുകുമാരന്‍ നായര്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് കഴിഞ്ഞ തവണ പരാജയപ്പെട്ടതെന്നായിരുന്നു സുകുമാരന്‍ നായര്‍ ആരോപിച്ചത്. ഉമ്മന്‍ചാണ്ടി ആയിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.


