കെ റെയില്‍ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ പുനരാലോചന നടത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് കൈ കൂപ്പി അഭ്യര്‍ത്ഥിക്കുകയാണ് എന്നു മേധാ പട്കര്‍ പറഞ്ഞു,
സില്‍വര്‍ ലൈന്‍ പദ്ധതി പശ്ചിമ ഘട്ടത്തെ അപകടത്തില്‍ ആക്കും. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികള്‍ മനസിലാക്കുന്നില്ല.
ജലം ഒഴുക്ക് തടസപ്പെടും. ഇതിന്റെ ഭവിഷ്യത്ത് കേരളം ഇപ്പൊ തന്നെ അനുഭവിച്ചു കഴിഞ്ഞു. പദ്ധതി എങ്ങനെ പ്രകൃതിയെ ബാധിക്കും എന്നു പഠനം പോലും നടന്നിട്ടില്ല എന്നും മേധാ പട്കര്‍ അഭിപ്രായപ്പെട്ടു. മേധാ പട്കര്‍ നാളെ കോഴിക്കോട് കെ റെയില്‍ സര്‍വേ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി വികസനത്തെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷിപ്ത താല്പര്യങ്ങള്ക്ക് വഴങ്ങില്ല. വിമര്‍ശകര്‍ക്ക് വികസനത്തിലൂടെ മറുപടി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതി ജീവന് മരണ വിഷയമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. മുഖ്യമന്ത്രി കമ്മിഷനില്‍ ഡോക്ടറേറ്റ് നേടിയ ആളാണെന്ന് കെ സുധാകരന് പറഞ്ഞു. സില്‍വര്‍ ലൈന്‍ എതിരെയുള്ള നിയമപോരാട്ടത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കും. അപാതകളില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ പദ്ധതിയെ ഇരുകൈയും നീട്ടി സ്വീകരിക്കും. പദ്ധതിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

