കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയുന്നില്ലെന്ന് കേന്ദ്ര മന്ത്രിമാരുടെ റിപ്പോര്‍ട്ട്. ഹിന്ദു – ക്രിസ്ത്യന്‍ വോട്ടുകള്‍ അനുകൂലമാക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ലെന്നും മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലെത്താന്‍ ആഗ്രഹിക്കുന്നവരെ കൊണ്ടുവരാന്‍ ഊര്‍ജിത ശ്രമം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
കേരളത്തില്‍ ക്രൈസ്തവ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ ബിജെപിയ്ക്ക് കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. കേരളം സന്ദര്‍ശിച്ച കേന്ദ്രമന്ത്രിമാര്‍ നല്കിയ റിപ്പോര്‍ട്ടിലാണ് വിമര്‍ശനം. ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാന്‍ അനുകൂലമായ സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടായിട്ടും അത് സാധ്യമാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.
സംസ്ഥാനത്തെ സംഘടനാ പ്രവര്‍ത്തനം മോശമാണെന്നും കേരളം സന്ദര്‍ശിച്ച കേന്ദ്ര മന്ത്രിമാര്‍ ദേശീയ നേതൃത്വത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദങ്ങളെ തള്ളുന്നതാണ് കേന്ദ്ര മന്ത്രിമാരുടെ റിപ്പോര്‍ട്ട്.
കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത ഉണ്ടായിട്ടും പരാജയപ്പെട്ട 144 മണ്ഡലങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ നേരിട്ട് സന്ദര്‍ശനം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിമര്‍ശനം. അമിത് ഷായും ജെപി നദ്ദയും ഉള്‍പ്പെട്ട സമിതിയാണ് റിപ്പോര്‍ട്ട് പരിശോധിച്ചത്. തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം, എന്നീ ലോക്സഭാ മണ്ഡലങ്ങളാണ് കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ടില്‍ പരിഗണിച്ചത്.
ന്യൂനപക്ഷങ്ങളെ പാര്‍ട്ടിക്ക് ഒപ്പം നിര്‍ത്താന്‍ കഴിയുന്നില്ല, പ്രത്യേകിച്ച് ക്രൈസ്തവ വിഭാഗത്തെ സ്വാധീനിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ല, ക്രൈസ്തവ വോട്ട് ബാങ്കിലേക്ക് പാര്‍ട്ടിക്ക് എത്തിച്ചേരാനാകുന്നില്ല എന്നിങ്ങനെയാണ് റിപ്പോര്‍ട്ടിലെ പ്രധാന വിലയിരുത്തലുകള്‍. കൂടാതെ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ സാധിക്കുന്നില്ല എന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം തമിഴ്നാട്ടിലും തെലങ്കാനയിലും പ്രതികൂല സാഹചര്യം ആയിരുന്നിട്ടും സംഘടനാ സംവിധാനം മെച്ചപ്പെട്ട രീതിയില്‍ നടക്കുന്നുണ്ട്. ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ ഈ രണ്ട് സംസ്ഥാന നേതൃത്വങ്ങള്‍ക്കും സാധിക്കുന്നുണ്ട്. അതിനാല്‍ കേരളം, തമിഴ്നാടിനെയും തെലങ്കാനയെയും മാതൃകയാക്കണമെന്നാണ് നിര്‍ദേശം. ഒക്ടോബര്‍ മുതല്‍ ജനുവരി വരെ ഈ ലോക്സഭ മണ്ഡലങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ വീണ്ടും സന്ദര്‍ശനം നടത്തും.

