കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് പദ്ധതിനിര്‍വഹണ മന്ത്രാലയത്തിന്റെ ഏഴാം സാമ്പത്തിക സെന്‍സസ് ഡിസംബര്‍ 31 വരെ നീട്ടി. വീടുകളും സാമ്പത്തിക സംരംഭങ്ങളും സന്ദര്‍ശിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. മാര്‍ച്ച് 31-ന് അവസാനിക്കേണ്ട സെന്‍സസ് സെപ്റ്റംബര്‍ 30 വരെ നേരത്തെ നീട്ടിയിരുന്നു. നിയന്ത്രണങ്ങള്‍ നീക്കുന്നത് വരെ കണ്ടെയ്ന്മെന്റ് സോണുകളിലെ വിവരശേഖരണം ഒഴിവാക്കിയിട്ടുണ്ട്.
ഇപ്പോള്‍ സംസ്ഥാനത്തു നടക്കുന്ന സാമ്പത്തിക സെന്‍സസ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെയും ജില്ല ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കോവിഡ് നിയമങ്ങള്‍ പൂര്‍ണമായി പാലിച്ചു കൊണ്ടുമാണ് മുന്നേറുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമായി നടക്കുന്ന സാമ്പത്തിക സംരംഭങ്ങളുടെ കണക്കെടുപ്പാണ് ഈ സെന്‍സസ് വഴി നടത്തുന്നത്. ഈ സര്‍വേ വഴി ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ചു എല്ലാ സംസ്ഥാനങ്ങളുടെയും ബിസ്സിനസ്സ് രജിസ്റ്റര്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നയരൂപീകരണത്തിനു അടിസ്ഥാനമായ കണക്കെടുപ്പ് തുടങ്ങിയവ തയ്യാറാക്കുന്നതാണ്.
കണ്ടൈന്‍മെന്റ് സോണുകളില്‍ അവിടുത്തെ നിയന്ത്രണങ്ങള്‍ നീക്കുന്നതനുസരിച്ചു സാമ്പത്തിക സെന്‍സസ് നടത്തും. സാമ്പത്തിക സെന്‍സസിന്റെ കണക്കെടുപ്പിന്റെ ചുമതല കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ കീഴിലുള്ള കോമണ്‍ സര്‍വീസ് സെന്റര്‍ (സിസ്സിഇ ഗവര്ണന്സ് ഇന്ത്യ ലിമിറ്റഡ്) ആണ്. ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെയും സംസ്ഥാന സാമ്പത്തിക സ്ഥിതി വിവര കണക്കു വകുപ്പിലേയും ഉദ്യോഗസ്ഥര്‍ എനുമെറേറ്റര്‍മാരുടെ ടാറ്റ പരിശോധിക്കുന്നതാണ്. ഈ സെന്‍സസ് വഴി ശേഖരിക്കുന്ന വിവരങ്ങള്‍ സ്ഥിതി വിവര കണക്കിനായി മാത്രമാണ് ഉപയോഗിക്കുന്നത്.
സാമ്പത്തിക സെന്‍സസുമായി സഹകരിച്ച് എല്ലാവരും കൃത്യമായവിവരം നല്‍കണമെന്ന് ഡയറക്ടറും റീജണല്‍ ഹെഡുമായ എഫ്. മുഹമ്മദ് യാസിര്‍ പറഞ്ഞു.


