മാനവരാശിയുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പുരോഹിതന്. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജീവിതവ്രതം തന്നെ സ്നേഹവും കരുണയും നിറഞ്ഞ ഉറവവറ്റാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളിലൂന്നിയായിരുന്നു. ജാതിമത ഭേദമന്യേ ജനമനസുകളിലേക്കിറങ്ങിച്ചെന്ന ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, നര്‍മത്തിലൂടെ മനുഷ്യരുടെ മര്‍മം പഠിച്ചും മറ്റുള്ളവരെ സ്നേഹം പഠിപ്പിക്കുകയും ചെയ്തു. ജീവിതത്തില്‍ കടുത്ത വെല്ലുവിളികളിലൂടെ കടന്നുവന്ന വലിയ ഇടയന് പുഞ്ചിരി കൊണ്ടുള്ള ജീവിതത്തിന്റെ പാഠങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കി.
അള്‍ത്താരയില്‍ നിന്നിറങ്ങി എപ്പോഴും ആള്‍ത്തിരക്കിനിടയില്‍ കഴിഞ്ഞ അദ്ദേഹം വിപുലമായ സുഹൃദ് വലയവുമുണ്ടാക്കി. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുതല്‍ കക്ഷി രാഷ്ട്രീയം വരെ എന്തിലും ഏതിലും നര്‍മ്മത്തിന്റെ മേന്പൊടി ചേര്‍ത്ത് ക്രിസോസ്റ്റമെടുത്ത നിലപാടുകള്‍ എന്നും സഭയ്ക്കും സമൂഹത്തിനും അതീതമായി നിന്നു.
നര്‍മ്മത്തില്‍ പൊതിഞ്ഞ സംഭാഷണ ശൈലിയില്‍ മാത്രം ഇടപെട്ട് കണ്ടിട്ടുള്ള ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത സ്വയം വിശേഷിപ്പിച്ചിരുന്നത് ഗര്‍ഭ ശ്രീമാന്‍ എന്നായിരുന്നു. നൂറ്റൊന്നാം പിറന്നാള്‍ ആഘോഷ വേദിയില്‍ മാരാമണില്‍ നിറഞ്ഞു കവിഞ്ഞ സദസ്സിനോട് വലിയ തിരുമേനി ഇങ്ങനെ പറഞ്ഞു- ‘നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്, മാരാമണ്ണില്‍ പഞ്ചാബിലെ സാധു സുന്ദര്‍സിംഗ് പ്രസംഗിക്കുന്ന കാലം. നിങ്ങള്‍ വടക്കേ ഇന്ത്യയിലെ ഊഷരഭൂമിയിലേക്ക് സുവിശേകരെ അയക്കുക എന്നദ്ദേഹം ആഹ്വാനം ചെയ്തു. അന്ന് അവിടെ ഉണ്ടായിരുന്ന വൈദികനായ എന്റെ അപ്പനും ഗര്‍ഭിണിയായ എന്റെ അമ്മയും പ്രതിജ്ഞ എടുത്തു. ജനിക്കുന്നത് ആണ്കുട്ടിയാണെങ്കില് അവനെ സുവിശേഷ വേലക്കായി അയക്കും. അങ്ങിനെയാണ് ജനിക്കും മുമ്പേ ഞാന്‍ അച്ചനായത്’.
ഒരു വേദിയില്‍ വെച്ച് ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇങ്ങനെ പറഞ്ഞു- ‘ഞാനൊരു കൊച്ചു കള്ളനാണ്. പള്ളിയില്‍ കൊടുക്കാനുള്ള നേര്ച്ചയില് നിന്ന് പകുതിയെടുത്ത് കടലമിഠായി വാങ്ങി. അല്ലെങ്കിലും ദൈവത്തിനെന്തിനാണ് പൈസ’.എന്ന് ക്രിസോസ്റ്റം. സ്വയം നര്‍മ്മമാകും, കണ്ണിറുക്കി കാണിച്ച് മുഖം നോക്കാതെ കളിയാക്കും, കേട്ടിരിക്കുന്നവര്‍ക്ക് പക്ഷെ മുഷിച്ചിലുണ്ടാവില്ല. കാരണം ആ കളിയില്‍ കാര്യമുണ്ടാകും. അതായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ക്രിസോസ്റ്റം എന്ന പേരിന്റെ അര്‍ത്ഥം തന്നെ സ്വര്‍ണ്ണ നാവുള്ളവന് എന്നത്രെ.
1918 ഏപ്രില്‍ 17ന് പത്തനംതിട്ടയിലെ ഇരവിപേരൂരിലാണ് കെ.ഇ. ഉമ്മന്‍ കശ്ശീശയുടെയും ശോശാമ്മയുടെയും മകനായി ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ആലുവ യു.സി കോളേജ്, യൂണിയന് തിയോളജിക്കല്‍ കോളേജ്, കാന്റര്‍ബറി സെന്റ്.അഗസ്റ്റിന് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ വിദ്യാഭ്യാസം നേടി.
1944ല്‍ വൈദികനായി. മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ പ്രതിസന്ധിഘട്ടത്തില്‍ 1953ല്‍ എപിസ്കോപാ സ്ഥാനത്തെത്തിയ തിരുമേനി 1999 ഒക്ടോബര്‍ 23നാണ് സഭയുടെ ഇരുപതാമത് മെത്രാപ്പൊലീത്തയാകുന്നത്. തുടര്‍ന്ന് വിവിധ ഭദ്രാസനങ്ങളുടെ അമരക്കാരനായും മിഷണറി ബിഷപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദേശീയ ക്രിസ്ത്യന്‍ കൗണ്‍സില്‍ അധ്യക്ഷസ്ഥാനം അലങ്കരിച്ച ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത 1954ലും 1968ലും നടന്ന ആഗോള ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ സമ്മേളനങ്ങളിലും സാന്നിധ്യമായി. 2007ല്‍ ശാരീരിക അവശതകള്‍ മൂലം സ്ഥാനത്യാഗം ചെയ്തു.
പൊതുമധ്യത്തില്‍ സ്ഥാനത്യാഗം ചെയ്തെങ്കിലും അദ്ദേഹം മനുഷ്യര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു, ജീവിച്ചു. സ്നേഹത്തിന്റെ അതിര്‍വരമ്പുകളില്ലാത്ത പച്ചയായ മനുഷ്യന്… ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്പ്പട്ട സ്ഥാനത്തിരുന്ന വ്യക്തി കൂടിയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ജാതിക്കും മതത്തിനും മേലേ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് പകരം വയ്ക്കാനില്ലാത്ത സേവനത്തിന് 2018ല്‍ രാജ്യം പത്്മഭൂഷണ്‍ നല്കി ആദരിച്ചു.
‘മറ്റുള്ളവരേക്കാള്‍ നന്നായി എന്തെങ്കിലും ചെയ്തിട്ടായിരിക്കില്ല, അവര്‍ ചെയ്ത അബദ്ധങ്ങള്‍ വല്ലതും ചെയ്യാതിരുന്നതാവാം എന്റെ മേന്മ. ഈ അംഗീകാരം വൈകിയിട്ടൊന്നുമില്ല. വേറെ ചിലര്‍ക്ക് നേരത്തെ കൊടുത്തതാവാം.’
ജീവിത സമസ്യകളെയും ദാര്‍ശനിക കാഴ്ചപ്പാടുകളേയും തനത് ശൈലിയില്‍ സമീപിച്ച ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മരണത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞു വച്ചു. ‘മരിക്കണമെന്നെതെനിക്ക് ആഗ്രഹമില്ല. മരിക്കുന്നതില്‍ വിഷമവുമില്ല’.
കേരളത്തിലെ സാമൂഹിക, സാംസ്കാരിക മേഖലകളില്‍ സജീവമായി എക്കാലത്തും ഇടപെടലുകള്‍ നടത്തിയ ആത്മീയ നേതാക്കളിലൊരാളായിരുന്നു മാര്‍ ക്രിസോസ്റ്റം. ‘കഥ പറയും കാലം’ എന്ന പേരില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തന്റെ ജീവിത രേഖ ആത്മകഥാ രൂപമാക്കി. ‘തിരുഫലിതങ്ങള്‍’, ‘ദൈവം ഫലിതം സംസാരിക്കുന്നു’, ‘ആകാശമേ കേള്‍ക്ക ഭൂമിയേ ചെവി തരിക’ തുടങ്ങിയ കൃതികള്‍ മാനവരാശിക്കുള്ള അദ്ദേഹത്തിന്റെ അനശ്വര സംഭാവനകളായിരുന്നു.
അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലും മാരാമണ്‍ കണ്‍വെന്‍ഷനിലും പ്രഭാഷണം നടത്തിയിട്ടുള്ള ഏക ആധ്യാത്മിക പ്രഭാഷകനായ വലിയ ഇടയനെ, കേള്‍വിക്കാര്‍ എക്കാലവും സാകൂതം ശ്രവിച്ചിരുന്നു.
പ്രതിസന്ധികളെ ലാഘവത്തോടെയും ലാളിത്യത്തോടെയുമായിരുന്നു അദ്ദേഹം എക്കാലവും സമീപിച്ചിരുന്നത്. അടിയുറച്ച ആത്മവിശ്വാസത്തിനും അര്‍പണ ബോധത്തിനും മുന്പില് ഹൃദ്രോഗവും അര്‍ബുദവും മുട്ടുമടക്കി. സ്വര്‍ണനാവുള്ള വൈദികന് എന്ന വിശേഷണത്തിന് അര്‍ഹനായ വലിയ ഇടയന് പുരോഹിത ജീവിതത്തെ തെല്ലും മേമ്പൊടിയില്ലാതെ ജനത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കാമെന്ന് തെളിയിച്ച വ്യക്തിത്വമായിരുന്നു.


