സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പന് പിള്ള അന്തരിച്ചു. 107 വയസായിരുന്നു. തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്താല്‍ കുറച്ചു ദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു.
രാജ്യത്തെ ബാര്‍ അസോസിയേഷനിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരുന്നു. ബിജെപിയുടെ അച്ചടക്ക സമിതി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്നു. 1914 മെയ് 24ന് വലിയശാലയിലാണ് അദ്ദേഹം ജനിച്ചത്. ഗവണ്മെന്റ് ആര്‍ട്സ് കോളജിലും തിരുവനന്തപുരം ലോ കോളജിലുമായി വിദ്യാഭ്യാസം. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. 1934ല്‍ മഹാത്മാഗാന്ധിയെ നേരില്‍ കണ്ട് സംസാരിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്. പിന്നീട് 6 മാസം ഒളിവിലായിരുന്നു. 1942നു ശേഷം അഭിഭാഷകനെന്ന നിലയില്‍ പ്രാക്ടീസ് ആരംഭിച്ചു. തിരുവനന്തപുരം നഗരസഭയിലെ ആദ്യ കൗണ്‍സിലറായി വലിയശാലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1948ല്‍ തിരുവിതാംകൂറിലെ ആദ്യതിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തു സ്ഥാനാര്‍ഥിയാക്കാന്‍ പരിഗണിക്കപ്പെട്ട അയ്യപ്പന്‍പിള്ള സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്നു. തിരുവനന്തപുരത്തെ പ്രമുഖ സാമൂഹ്യ -രാഷ്ട്രീയ പ്രവര്‍ത്തകനുമായ കെ അയ്യപ്പന് പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി.
അഭിഭാഷകന് എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളാണ്. ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്ന ഇദ്ദേഹം രാജ്യത്തെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാള്‍ കൂടിയാണ്. അയ്യപ്പന് പിള്ള 1942-ലാണ് തിരുവനന്തപുരം നഗരസഭ കൗണ്‍സിലറായത്. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആറരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം അദ്ദേഹം ജനസംഘത്തിന്റെ പ്രവര്‍ത്തനവുമായി സജീവമായി. 1954ല്‍ അദ്ദേഹം സുപ്രിംകോടതി അഭിഭാഷകനായി. ഇതിനിടെ പട്ടം താണുപിള്ളയുമായി ചേര്‍ന്ന് പിഎസ്പിയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. കേരള പത്രിക എന്ന പത്രവും നടത്തിയിട്ടുണ്ട്. 1980ല്‍ ബിജെപി രൂപീകരിച്ചപ്പോള്‍ അദ്ദേഹം ബിജെപിയില്‍ അംഗമായി. അപ്പോള്‍ തന്നെ സംസ്ഥാന വൈസ് പ്രസിഡന്റായി. 1982ല്‍ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. അയ്യപ്പ സേവാ സംഘത്തിന്റെ ആയുഷ്കാല അംഗത്വമുള്ളയാളായിരുന്നു.


