കേരളത്തില്‍ സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. എക്സിക്യൂട്ടിവ് ഓര്‍ഡറിലൂടെ ഉടന്‍ തന്നെ ഇത് നടപ്പാക്കും. സിബിഐയ്ക്ക് അനുമതിയില്ലാതെ അന്വേഷണത്തിനുള്ള സമ്മതപത്രം പിന്‍വലിച്ചു. വിഷയം മന്ത്രിസഭ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തി. മുഖ്യമന്ത്രിക്ക് കൂടുതല്‍ അധികാരം നല്കുന്ന ഭേദഗതി തദ്ദേശ തിരഞ്ഞെടുപ്പിനുശേഷമായിരിക്കും.
സിബിഐക്ക് നല്കിയ പൊതു സമ്മതം പിന്‍വലിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെയും ഹൈക്കോടതി നിര്‍ദേശമില്ലാതെയും കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരെയുടെ പരാതി പ്രകാരം സിബിഐ അന്വേഷണം തുടങ്ങുകയും, ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇത് സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു.
ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. സിബിഐക്ക് വിലക്കേര്‍പ്പെടുത്താമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. അങ്ങനെയാണ് 2017ല്‍ നല്കി പൊതുസമ്മതം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. എന്നാല്‍ നിലവിലെ അന്വേഷണത്തെ ഇത് ബാധിക്കില്ല. ഭാവിയിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരമോ, ഹൈക്കോടതി നിര്‍ദേശ പ്രകാരമോ സിബിഐ അന്വേഷണം നടത്താം.


