തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിക്കും. സര്‍ചാര്‍ജായി 10- പൈസകൂടിയാണ് ഇന്ന് വര്‍ദ്ധിക്കുന്നത്. നിലവില്‍ വര്‍ദ്ധിപ്പിച്ചിരുന്ന ഒമ്പത് പൈസയ്ക്ക് പുറമേയാണിത്. ഇതോടെ 19 പൈസയാണ് സര്‍ചാര്‍ജ് ഇനത്തില്‍ നല്‍കേണ്ടത്.
മാസം നാല്പത് യൂണിറ്റിന് താഴെ ഉപയോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കളെ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. യൂണിറ്റിന് നാല്പ്പത്തിനാല് പൈസ ഈടാക്കണമെന്നാണ് കെഎസ്ഇബി സര്‍ക്കാരിനോട് അപേക്ഷിച്ചത്. എന്നാല്‍ റെഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെ ബോര്‍ഡിന് പരമാവധി കൂട്ടാവുന്ന തുക പത്തുപൈസയായി കുറച്ച പശ്ചാത്തലത്തിലാണ് 10 പൈസമാത്രം കൂട്ടിയത്. നിലവില്‍ ഈടാക്കുന്ന ഒമ്പത് പൈസ സര്‍ചാര്‍ജ് ഒക്ടോബര്‍വരെ തുടരാനിരിക്കെയാണ് പത്ത് പൈസ കൂടി കൂട്ടാന്‍ കെഎസ്ഇബിയും തീരുമാനം എടുത്തത്.
കഴിഞ്ഞ ജൂലൈ മുതല്‍ കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങിയതിനാണ് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം കെ എസ് ഇ ബി സമര്‍പ്പിച്ച താരിഫ് നിര്‍ദ്ദേശങ്ങളില്‍ റെഗുലേറ്ററി കമ്മീഷന് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ വൈദ്യുതി നിരക്ക് ജൂലൈ മാസത്തോടെ കൂടിയേക്കും. അഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരിക്കുന്നത്.


