കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ നാല് ലക്ഷത്തി മൂപ്പത്തിനാലായിരം (4,34,000) ഇരട്ട വോട്ടര്‍മാരുടെ പട്ടിക പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. www.operationtwins.com എന്ന വെബ്സൈറ്റിലൂടെയാണ് പട്ടിക പുറത്തുവിട്ടത്. നാദാപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ ഇരട്ട വോട്ടുള്ളത്. 6171 ഇരട്ട വോട്ടുകളാണ് നാദാപുരത്തെന്ന് പട്ടിക വ്യക്തമാക്കുന്നു.
ഒരോ നിയോജക മണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ട വോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, വോട്ടര്‍ ഐഡിയിലും ചേര്‍ത്ത വോട്ട് വിവരങ്ങളാണ് വെബ്സൈറ്റിലൂടെ പുറത്തിവിട്ടത്.
നിയോജക മണ്ഡലത്തിന്റെ നമ്പര്‍, ബൂത്ത് നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര്, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐഡി നമ്പര്‍, അതേ വ്യക്തിക്ക് മറ്റ് ബൂത്തുകളിലുള്ള വോട്ടിന്റെ ഐഡി നമ്പര്‍, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തന്നെ തൊട്ടടുത്ത നിയോജക മണ്ഡലങ്ങളിലുള്ള വോട്ടിന്റെ ഐഡി നമ്പര്‍, വിലാസം എന്നിവയുടെ പട്ടികയാണ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്.
മാസങ്ങള്‍ നീണ്ട അധ്വാനത്തിലൂടെയാണ് ഇരട്ട വോട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവന്നതെന്ന് ചെന്നിത്തല പറഞ്ഞു. സ്വതന്ത്ര ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ഇത് അനിവാര്യമാണെന്ന് കരുതുന്നു. യഥാര്‍ത്ഥ വോട്ടര്‍ അറിയാതെയാണ് പലപ്പോഴും ഇരട്ട വോട്ടുകള്‍ സൃഷ്ടിക്കപ്പെടുന്നത്.
തിരഞ്ഞെടുപ്പ് കഴിയും വരെ വെബ്സൈറ്റില്‍ ഈ വിവരങ്ങളും പുതുതായി ലഭിക്കുന്ന വിവരങ്ങളും ഉണ്ടായിരിക്കും. എല്ലാ പൊതുപ്രവര്‍ത്തകരും വോട്ടര്‍മാരും ഈ സൗകര്യം പ്രയോജനപ്പെടുത്തി കള്ളവോട്ടിനുള്ള സാധ്യതകള്‍ പരമാവധി തടയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.


