ന്യൂഡല്‍ഹി: ഡെലിവറി ബോയ് ഹിന്ദു അല്ല, ഭക്ഷണത്തിന്റെ ഓര്‍ഡര്‍ ഉപഭോക്താവ് റദ്ദാക്കി. സംഭവം അറിഞ്ഞ് ഉപഭോക്താവിന് മണിക്കൂറുകള്‍ക്കകം ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമോറ്റോയുടെ മറുപടി എത്തി. അതും കിടിലന്‍. മറുപടി സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു.
ട്വിറ്ററിലൂടെയാണ് ഉപഭോക്താവായ അമിത് ശുക്ല താന്‍ സൊമോറ്റോക്ക് നല്കിയ ഓര്‍ഡര്‍ റദ്ദാക്കിയതിന്റെ കാരണം പങ്കുവെച്ചത്. എന്റെ ഭക്ഷണം എത്തിക്കുന്നതിനായി ഒരു അഹിന്ദുവിനെയാണ് അവര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഞാന്‍ സൊമാറ്റോയെ ബന്ധപ്പെട്ടപ്പോള്‍ ആളെ മാറ്റാനാവില്ലെന്നും ഓര്‍ഡര്‍ റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കില്ലെന്നും അവര്‍ പറഞ്ഞു. പണം തിരിച്ച് തന്നില്ലെങ്കിലും ആ ഭക്ഷണം തനിക്ക് വേണ്ടെന്ന് താന്‍ അവരോട് പറഞ്ഞെന്നും അമിത് ശുക്ല ട്വിറ്ററില്‍ കുറിച്ചിരുന്നു.
ഭക്ഷണത്തിന് മതമില്ല, അത് തന്നെ ഒരു മതമാണ്
ഇതിന് മറുപടിയായി സൊമാറ്റോ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. ഭക്ഷണത്തിന് മതമില്ല, അത് തന്നെ ഒരു മതമാണ് എന്നായിരുന്നു. അമിത് ശുക്ലക്ക് നല്കിയ ഈ മറുപടിക്ക് സാമൂഹിക മാധ്യമങ്ങളിലും മറ്റും സൊമോറ്റോയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ച്ക്കൊണ്ടിരിക്കുന്നത്. സൊമോറ്റോയുടെ സ്ഥാപകന്‍ ദീപേന്ദര്‍ ഗോയലിന്റെ ട്വീറ്റിനും ലഭിച്ചു ഏറെ കൈയടി. ഇന്ത്യയെ കുറിച്ചും പ്രിയപ്പെട്ട ഉപഭോക്താക്കളെ കുറിച്ചും പങ്കാളികളെ കുറിച്ചും ഏറെ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍. മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ പേരില്‍ ബിസിനസില്‍ എന്തെങ്കിലും നഷ്ടമുണ്ടാകുന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നില്ലെന്നും ദീപേന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തു