ബംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള (BIFFes)യിൽ നാല് ഫലസ്തീൻ സിനിമകൾക്ക് പ്രദർശനാനുമതി വിലക്കിയ കേന്ദ്ര നടപടിക്കെതിരെ രൂക്ഷവിമർശനവുമായി നടനും മേളയുടെ അംബാസഡറുമായ പ്രകാശ് രാജ്. കലയ്ക്ക് മേലുള്ള ഇത്തരം നിയന്ത്രണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം വേദിയിൽ പ്രതിഷേധ സൂചകമായി ഫലസ്തീൻ കവിത വായിക്കുകയും ചെയ്തു. കഴിഞ്ഞദിവസം, ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രകാശ് രാജിന്റെ പ്രതിഷേധം.
വൈവിധ്യമാർന്ന മനുഷ്യാനുഭവങ്ങൾ പങ്കുവയ്ക്കുന്നതിൽ ചലച്ചിത്രമേളകളുടെ പങ്ക് ചൂണ്ടിക്കാട്ടിയ രാജ്, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങളെ തടയുന്നത് അംഗീകരിക്കാനാവില്ലെന്നും വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിലും സമാന വിലക്കുണ്ടായപ്പോൾ സംസ്ഥാന സർക്കാർ അതിനെ ചെറുക്കുകയും ചിത്രത്തിന്റെ പ്രദർശനവുമായി മുന്നോട്ട് പോവുകയും ചെയ്തെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. പ്രശ്നത്തിൽ സംസ്ഥാന സർക്കാർ ഇടപെടാത്ത സാഹചര്യത്തിലായിരുന്നു നടന്റെ വിമർശനം.


