ന്യൂഡൽഹി: ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞ് മൂലം 118 വിമാനങ്ങള്‍ റദ്ദാക്കി. ഡല്‍ഹിയില്‍ നിന്നുള്ള 58 വിമാനങ്ങളും ഡല്‍ഹിയില്‍ ഇറങ്ങേണ്ടുന്ന 60 വിമാനങ്ങളുമാണ് റദ്ദ് ചെയ്തത്. ഡല്‍ഹിയില്‍ നിന്നുള്ള 100 ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി.
കഴിഞ്ഞ ദിവസങ്ങളിലായി ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലുമായി മൂടല്‍മഞ്ഞ് ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയേക്കാമെന്ന് എയര്‍പോട്ട് അതോറിറ്റി വ്യക്തമാക്കി. ഡല്‍ഹിയിലെ വായു നിലവാരതോത് നാനൂറിന് മുകളിലാണുള്ളത്. പലയിടത്തും ദൂരക്കാഴ്ച 50 മീറ്ററില്‍ താഴെയായി.
വായുമലിനീകരണത്തിന് പിന്നാലെ മൂടല്‍മഞ്ഞും ശക്തിപ്രാപിച്ചതോടെ രാവിലെ യമുന അതിവേഗ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി അപകടങ്ങളുണ്ടായി. രാവിലെ മുതലുണ്ടായ വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്നലെ 128 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. എട്ടെണ്ണം വഴി തിരിച്ചുവിടുകയും ചെയ്തു.


