ന്യൂഡൽഹി: ആരോഗ്യപദ്ധതിക്കായി ശേഖരിച്ച 45 ലക്ഷം വിമുക്തഭടന്മാരുടെ വ്യക്തിഗത വിവരങ്ങൾ സ്വകാര്യ ഏജൻസി സർക്കാരിനു കൈമാറാതിരുന്ന സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തു. പ്രതിരോധ മന്ത്രാലയം നൽകിയ പരാതിയിൽ സ്കോർ ഇൻഫർമേഷൻ ടെക്നോളജി (എസ്ഐടിഎൽ)ക്കെതിരെയാണു കേസെടുത്തത്.
2012 ഡിസംബറിലാണ് അംഗവിഹീനർ, കുടുംബ പെൻഷൻകാർ, ആശ്രിത പെൻഷൻകാർ എന്നിവർ ഉൾപ്പെടെ മുഴുവൻ വിമുക്തഭടന്മാർക്കുമുള്ള ഇസിഎച്ച്എസ് ആരോഗ്യ പരിരക്ഷ പദ്ധതിക്കു സർക്കാർ അനുമതി നൽകിയത്. ഇതിനായി സ്മാർട് കാർഡ് തയാറാക്കാൻ കാർഡ് ഒന്നിന് 89.99 രൂപയ്ക്ക് 2005 ജനുവരിയിൽ സ്കോർ ഇൻഫർമേഷൻ ടെക്നോളജീസുമായി ഇസിഎച്ച്എസ് കരാർ ഒപ്പിട്ടു 5 വർഷത്തേക്കുള്ള കരാർ പിന്നീട് ഒരുവർഷത്തേക്കു കൂടി നീട്ടിനൽകിയതോടൊപ്പം പ്രതിഫലം കാർഡ് ഒന്നിനു 135 രൂപയായി വർധിപ്പിക്കുകയും ചെയ്തു.
എന്നാൽ, കരാർ കാലാവധി കഴിഞ്ഞിട്ടും വ്യക്തിഗത വിവരങ്ങളടങ്ങിയ ഡേറ്റാ ബേസ്, സോഴ്സ് കോഡ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ തുടങ്ങിയവ കൈമാറാനോ ഇവ കൈവശം ഉള്ളതായി സ്ഥിരീകരിക്കാനോ സ്വകാര്യ ഏജൻസി തയാറായിട്ടില്ലെന്ന് പ്രതിരോധമന്ത്രാലയം ലോകേഷ് ബത്രയ്ക്കു നൽകിയ മറുപടിയിൽ വ്യക്തമാക്കി. ഇതേസമയം, മന്ത്രാലയത്തിന്റെ നോട്ടിസിനു നൽകിയ മറുപടിയിൽ സ്വകാര്യ ഏജൻസി ഈ ആരോപണം നിഷേധിച്ചു.


