ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴ് വർഷത്തിന് ശേഷം ചൈനയിലെത്തി. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹത്തിന്റെ ഈ ദ്വിദിന സന്ദർശനം. നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഗാൽവൻ സംഘർഷത്തിന് ശേഷം നടക്കുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ ചൈന സന്ദർശനമാണിത്.
ഈ സന്ദർശനത്തിൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായേക്കുമെന്നാണ് പ്രാഥമിക വിവരം. ടിയാൻജിനിൽ വെച്ചാണ് ഉച്ചകോടി നടക്കുന്നത്. നാളെയും മറ്റന്നാളുമായി നടക്കുന്ന ഉച്ചകോടി വളരെ നിർണായകമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം നികുതി വിഷയത്തിൽ വഷളായിരിക്കുന്ന സാഹചര്യത്തിൽ ലോകം മുഴുവൻ ഈ സന്ദർശനത്തെ വളരെ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ ട്രംപ് ഭരണകൂടം ഉയർന്ന നികുതി ചുമത്തിയിരുന്നു. ഡിസംബറിൽ പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് അദ്ദേഹത്തിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് നേരത്തെ അറിയിച്ചിരുന്നു. ചൈനയിൽ വെച്ചുള്ള കൂടിക്കാഴ്ചയിൽ ഇതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്യുമെന്ന് സൂചനയുണ്ട്.