കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് അംഗങ്ങളെ മർദ്ദിക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ് ആക്രമിക്കപ്പെട്ടു. ഇന്ന് രാവിലെ കൊൽക്കത്ത നഗരത്തിലെ ലേക് ടൗണിൽ പ്രഭാത സവാരിക്ക് ശേഷം ചായ് പേ ചർച്ചയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ ആൾക്കൂട്ടം ആക്രമിച്ചെന്നാണ് റിപ്പോർട്ട്.
ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ബിജെപി പ്രവർത്തകർക്കും മർദ്ദനമേറ്റു. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ലോക്സഭാംഗം കൂടിയായ ദിലീപ് ഘോഷ് ആരോപിച്ചു. ഇതിന് മുൻപും ദിലീപ് ഘോഷ് ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഈ വർഷം മെയ് മാസത്തിൽ മുതിർന്ന ബിജെപി നേതാവ് ഹേമന്ത് ബിശ്വ ശർമ്മയെ അനുഗമിച്ചപ്പോഴും ഇദ്ദേഹത്തിന് നേരെ ഖെജുരിയിൽ വച്ച് ആക്രമണം ഉണ്ടായിരുന്നു.


