തിരുവനന്തപുരം: കസാഖ്സ്ഥാനില് കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സംഭവം അറിഞ്ഞതിന് പിന്നാലെ കസാക്കിസ്ഥാനിലെ ഇന്ത്യൻ അംബാസിഡറുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഗുരുതരമായ അവസ്ഥയല്ല അവിടെ ഉള്ളത് എന്നാണ് അംബാസഡറിൽ നിന്ന് മനസിലാക്കിയതെന്നും വി മുരളീധരൻ അറിയിച്ചു.
ഇന്നലെ അവിടുത്തെ പ്രദേശവാസികളും എണ്ണപ്പാടത്തെ തൊഴിലാളികളായ ഇന്ത്യക്കാരും തമ്മിൽ സംഘർഷമുണ്ടായി എന്ന് വി മുരളീധരൻ സ്ഥിരീകരിച്ചു. സംഘർഷത്തിൽ രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റതായാണ് അറിയുവാൻ സാധിച്ചതെന്നും മുരളീധരൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ കിട്ടേണ്ടതുണ്ടെന്ന് പറഞ്ഞ വിദേശകാര്യ സഹമന്ത്രി ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഇവരെ പുറത്തെത്തിക്കാനുള്ള ഇടപെടൽ തുടരുകയാണെന്നും അറിയിച്ചു.


