ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ്. ഡിസംബർ 30 വരെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും അതിശൈത്യം തുടരുമെന്നും ഐഎംഡി ബുള്ളറ്റിൻ പറയുന്നു. എന്നാൽ ഡിസംബർ 31 രാവിലെ മുതൽ മൂടൽമഞ്ഞിന്റെ അവസ്ഥ മെച്ചപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മൂടൽമഞ്ഞ് സംസ്ഥാനങ്ങളിലെ ഗതാഗത സേവനങ്ങൾ തടസ്സപ്പെടുത്തി. വിമാന സർവീസുകൾ റദ്ദാക്കുകയും ട്രെയ്നുകൾ വൈകുകയും ചെയ്തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് കാരണം 11 ട്രെയിനുകൾ വൈകിയതായി നോർത്തേൺ റെയിൽവേയുടെ ഏറ്റവും പുതിയ അപ്ഡേറ്റിൽ പറയുന്നു.
മഞ്ഞുവീഴ്ച വർദ്ധിച്ച സാഹചര്യത്തിൽ നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും ഗൗതം ബുദ്ധ് നഗറിലെയും സ്കൂളുകൾ അടച്ചു. ഡിസംബർ 29, 30 തീയതികളിൽ സ്കൂളുകൾ അടച്ചിടാനാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. അധ്യാപകരും മറ്റ് ജീവനക്കാരും ജോലി ചെയ്യും. അതേസമയം, അടുത്ത അഞ്ച് ദിവസങ്ങളിൽ കുറഞ്ഞ താപനില ഏഴ് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും ഐഎംഡി പ്രവചിക്കുന്നു. വ്യാഴാഴ്ച, ദേശീയ തലസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനില 8.4 ഡിഗ്രി സെൽഷ്യസായിരുന്നു.


