ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചയാളുടെ ഭാര്യ, വിജയ് നല്കിയ 20 ലക്ഷത്തിന്റെ ചെക്ക് തിരിച്ചയച്ചു. കരൂരിൽ നേരിട്ട് എത്താത്തതിൽ പ്രതിഷേധിച്ചാണ് വിജയ്യുടെ റാലിക്കിടെ തിരക്കിൽപ്പെട്ട് മരിച്ച രമേശിന്റെ ഭാര്യ സംഗവി പെരുമാള്‍ 20 ലക്ഷത്തിന്റെ ചെക്ക് തിരിച്ചയച്ചത്.
വിജയ് നേരിട്ട് അനുശോചനമറിയിക്കാൻ വരാത്തതിനാലാണിതെന്നും പണത്തെക്കാൾ വലുതാണ് അദ്ദേഹം നേരിട്ട് സന്ദർശിച്ചുള്ള സാന്ത്വനമെന്നും സംഗവി പറഞ്ഞു. തിങ്കളാഴ്ച മഹാബലിപുരത്തുനടന്ന വിജയ്യുടെ കൂടിക്കാഴ്ചയ്ക്കുതന്നെ വിളിച്ചില്ലെന്നും സംഗവി അറിയിച്ചു. സംഗവിയുടെ ഭർതൃസഹോദരി ഭൂപതിയും ബന്ധുക്കളും മഹാബലിപുരത്തേക്ക് വന്നിരുന്നു.
” വിജയ് കരൂർ സന്ദർശിച്ച് എന്നെയും മറ്റ് ദുരിതബാധിതരെയും അനുശോചിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്റെ അറിവില്ലാതെ, ചില ടിവികെ അംഗങ്ങൾ എന്റെ ഭർത്താവിന്റെ കുടുംബത്തിലെ ചിലരെ തരപ്പെടുത്തി മാമല്ലപുരത്തേക്ക് കൊണ്ടുപോയി. അദ്ദേഹം കരൂർ സന്ദർശിക്കേണ്ടതായിരുന്നു. ഇത് നിരാശാജനകമാണ്. അതിനാൽ, ഞാൻ പണം തിരികെ നൽകി”- സിംഗവി പറഞ്ഞു.


