തിക്കിലും തിരക്കിലും പെട്ട് 41 പേര് മരിച്ച കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ്യുടെ ടിവികെ പാര്‍ട്ടി നല്കിയ ഹര്‍ജി ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് പരിഗണിക്കില്ല. കരൂര്‍ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തെ വിശ്വസിക്കുന്നില്ലെന്നും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ടിവികെയുടെ ആവശ്യം. എന്നാല്‍ ഇന്നത്തെ പ്രത്യേക സിറ്റിംഗ് റദ്ദാക്കിയതായി ജഡ്ജിമാര്‍ അറിയിക്കുകയായിരുന്നു. ഹര്‍ജി വെള്ളിയാഴ്ച അവധിക്കാല ബെഞ്ച് പരിഗണിക്കാനാണ് സാധ്യത.
മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് ഹര്‍ജി ഉച്ചയ്ക്ക് 2.30ന് പരിഗണിക്കുമെന്നായിരുന്നു ടിവികെ അഭിഭാഷകര്‍ അറിയിച്ചിരുന്നത്. റാലിക്കിടെ വിജയ്ക്ക് നേരെ കല്ലേറുണ്ടായെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ടിവികെ ഗൂഢാലോചന ആരോപിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരൂരില്‍ നിന്ന് ശനിയാഴ്ച രാത്രി തന്നെ ചെന്നൈയിലെ വീട്ടിലെത്തിയ വിജയ് ഓണ്‍ലൈന്‍ ആയി നേതാക്കളുടെ യോഗം വിളിക്കുകയും ഹര്‍ജി നല്കാന് തീരുമാനിക്കുകയുമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഏത് അന്വേഷണവും ടിവികെയെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാകും എന്ന നിഗമനത്തില്‍ ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി സമീപിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. അപകടത്തില്‍ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.