വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നേപ്പാളിൽ 129 പേർ മരിച്ചു. 69 പേരെ കാണാതായി. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 1000-ത്തിലധികം പേരെ രക്ഷപ്പെടുത്തിയതായി സർക്കാർ അറിയിച്ചു. മരിച്ചവരിൽ 34 പേർ കാഠ്മണ്ഡു താഴ്വരയിൽ നിന്നുള്ളവരാണ്. നേപ്പാളിലെ സ്കൂളുകൾക്ക് മൂന്ന് ദിവസത്തേക്ക് അവധിയായിരിക്കും. സർവകലാശാലകൾക്കും സ്കൂൾ കെട്ടിടങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
മോശം കാലാവസ്ഥ റോഡ് വ്യോമ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.സായുധ പൊലീസ് സേനയുടെയും നേപ്പാൾ പൊലീസിന്റേയും കണക്കുകൾ പ്രകാരം 69 പേരെ കാണാതാവുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കാഠ്മണ്ഡു താഴ്വരയിൽ കനത്ത നാശനഷ്ടമുണ്ടായതായി നേപ്പാൾ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് സ്ഥിരീകരിച്ചു.
നേപ്പാൾ ആർമി, സായുധ പൊലീസ് സേന, നേപ്പാൾ പൊലീസ് എന്നിവർ രാജ്യത്തുടനീളം രക്ഷാപ്രവർത്തനം തുടരുകയാണെന്നും ലേഖക് പറഞ്ഞു. രാജ്യത്തുടനീളം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


