ഒഡീഷയിലെ പുരിയിൽ ജഗനാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ടുണ്ടായ അപകടത്തിൽ നടപടിയുമായി ഒഡീഷ സർക്കാർ. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ജില്ലാ കളക്ടറെയും എസ്പിയെയും സ്ഥലം മാറ്റി. പകരം പുതിയ ജില്ലാ കളക്ടറായി ചഞ്ചൽ റാണയെ നിയമിച്ചു. ഡിസിപി വിഷ്ണു പതിയെയും കമാൻഡന്റ് അജയ് പാഥിയെയും നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. സുരക്ഷാ വീഴ്ചയെ കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി വ്യക്തമാക്കി.
രഥയാത്രക്കിടെയുണ്ടായ തിരക്കിൽപെട്ട് മൂന്ന് പേരാണ് മരണപ്പെട്ടത്. അമ്പതോളം പേർക്ക് പരുക്കേറ്റു. ആറുപേരുടെ നില ഗുരുതരം എന്നാണ് റിപ്പോർട്ടുകൾ. ഗുണ്ടിച്ച ക്ഷേത്രത്തിനടുത്തുള്ള ശാരദാബലിയിൽ ഇന്ന് പുലർച്ചയോടെ ആയിരുന്നു അപകടം ഉണ്ടായത്. ജഗനാഥ ക്ഷേത്രത്തിൽ നിന്നുള്ള രഥങ്ങൾ ഗുണ്ടച്ച ക്ഷേത്രത്തിൽ എത്തിയതോടെ തിരക്ക് വർദ്ധിച്ചു. ദർശനത്തിനായി നിരവധി തീർത്ഥാടകർ ആണ് എത്തിയിരുന്നത്. പ്രഭതി ദാസ്, ബസന്തി സാഹു, പ്രേംകാന്ത് മൊഹന്തി എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. സർക്കാരിൻറെ അനാസ്ഥയാണ് അപകടം ഉണ്ടാക്കിയതെന്ന് മുൻ മുഖ്യമന്ത്രി നവീൻ പട്നായിക് ആരോപിച്ചു.