കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ 40 എംഎൽഎമാർ ബിജെപിയുമായി നിരന്തരമായി ബന്ധം പുലർത്തുന്നുവെന്ന ഞെട്ടിക്കുന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമബംഗാളിലെ സെറാംപൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയാണ് പ്രധാനമന്ത്രി ഞെട്ടിക്കുന്ന അവകാശവാദം നടത്തിയത്.

”ദീദീ, മെയ് 23-ന് ഫലം പുറത്തുവന്നാൽ എല്ലായിടത്തും താമര വിരിയും. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ എല്ലാം പുറത്തു വരും. നിങ്ങളുടെ എംഎൽഎമാർ നിങ്ങളെ വിട്ട് ഓടി രക്ഷപ്പെടും. ഇന്ന് പോലും, നിങ്ങളുടെ 40 എംഎൽഎമാർ എന്നോടൊപ്പമാണ്”, മോദി അവകാശപ്പെട്ടു.
പശ്ചിമബംഗാളിൽ ആകെ 295 സീറ്റുകളാണുള്ളത്. കഴിഞ്ഞ തവണ ഇതിൽ 211 സീറ്റുകളും നേടി വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് മമതാ ബാനർജി അധികാരത്തിലെത്തിയത്. കേവലഭൂരിപക്ഷം 148 സീറ്റുകളാണ് ബംഗാൾ നിയമസഭയിൽ. 40 എംഎൽഎമാർ കൂട്ടത്തോടെ ക്യാംപ് വിട്ടാലും അധികാരത്തിന് പ്രശ്നമൊന്നും വരില്ല. പക്ഷേ, നാൽപ്പത് പേർ ഒറ്റയടിക്ക് ക്യാംപ് വിടുമെന്ന വെളിപ്പെടുത്തൽ രാഷ്ട്രീയരംഗത്ത് വലിയ വിവാദമാകുമെന്നുറപ്പാണ്.


