ഹരിദ്വാർ: കഞ്ചാവിന്റെ ഉപഭോഗം ഇന്ത്യയിൽ നിയമവിധേയമാക്കണം എന്ന് ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലിയുടെ മേധാവി ആചാര്യ ബാലകൃഷ്ണ. കഞ്ചാവിന്റെ ഔഷധമൂല്യത്തെപ്പറ്റി പതഞ്ജലി പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്രാചീനകാലം മുതലേ ഇന്ത്യയിൽ കഞ്ചാവ് ഔഷധമായി ഉപയോഗിക്കുന്നുണ്ടെന്നും ക്വാർട്സ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ പറഞ്ഞു
ബ്രിട്ടീഷുകാരാണ് കഞ്ചാവ് കൃഷിയും വ്യാപാരവും ഉപയോഗവും നിരോധിച്ചതെന്നും കഞ്ചാവ് നിരോധനത്തിലൂടെ വിശാലമായ വിപണി സാധ്യതയാണ് ഇന്ത്യ അടച്ചിടുന്നതെന്നും ആചാര്യ ബാലകൃഷ്ണ പറയുന്നു. ഹരിദ്വാറിലെ പതഞ്ജലിയുടെ ഗവേഷണ കേന്ദ്രത്തിൽ ഇരുന്നൂറോളം വിദഗ്ധരുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ ഔഷധ സസ്യങ്ങളെപ്പറ്റിയുള്ള പഠനം നടക്കുകയാണ്. പതഞ്ജലിയുടെ ഗവേഷണത്തിൽ കഞ്ചാവും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

