ദില്ലി: ഇന്റലിജെന്‍സ് മുന്നറിയിപ്പ് ഉണ്ടായിട്ടും ഭീകരര്‍ എങ്ങനെ ഇന്ത്യയിലേക്ക് എത്തിയെന്നത് സൈനിക നേതൃത്വത്തെ കുഴക്കിയിരുന്നു. അതേസമയം പാകിസ്താനിലെ ബാലകോട്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുന്നത് കാശ്മീരിലെ നാല് വഴികളിലൂടെയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തി.ഭീകരകേന്ദ്രത്തെ കുറിച്ച് സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ട വിവരങ്ങള്‍ ഇങ്ങനെ
ഭീകരകേന്ദ്രമായ പാകിസ്താനിലെ ബാലകോട്ട് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സൈന്യം വ്യോമാക്രമണത്തിലൂടെ തകര്‍ത്തത്. ജെയ്ഷ ഇ മുഹമ്മദിന്റേത് ഉള്‍പ്പെടെയുള്ള മൂന്ന് ഭീകരകേന്ദ്രങ്ങളാണ് വ്യോമാക്രമണത്തില്‍ ഇല്ലാതായത്. 200 നും 300 നും ഇടയില്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ഭീകരകേന്ദ്രങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതും 1999 ലെ ic-814 വിമാനം ഹൈജാക്ക് ചെയ്തതുമായ വീഡിയോകള്‍ ഉള്‍പ്പെടെ ഭീകരര്‍ കണ്ടിരുന്നതായി സുരക്ഷാ ഏജന്‍സികള്‍ പറയുന്നു.

പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യയില്‍ നിന്നും പിടിയിലായ ജെയ്ഷ ഇ മുഹമ്മദ് ഭീകരരില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ സുരക്ഷാ ഏജന്‍സിക്ക് ലഭിച്ചത്. കാശ്മീരില്‍ സൈന്യം നടത്തുന്ന ‘കിരാത നടപടികള്‍’ എന്ന പേരില്‍ പല വീഡിയോകളും തയ്യാറാക്കി നല്‍കാറുണ്ടായിരുന്നതായും ജെയ്ഷ ഭീകരര്‍ വെളിപ്പെടുത്തി.

ഇസ്ലാമാബാദില് നിന്ന് 200 കിമി മാറി ബാലകോട്ടിലെ ഒരു കുന്നിന് മുകളിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
ആറ് ഏക്കറിലാണ് ബാലകോട്ട് ഭീകരകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ആറ് കെട്ടിടങ്ങളിലായി 600 ഭീകരരാണ് പാര്‍ക്കുന്നത്. ‘ മദ്രസ ആയിഷ സാദിഖ്” എന്ന പേരില്‍ മദ്രസ കേന്ദ്രമായാണ് ഇവിടെ ഭീകരകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.


