ജയ്പുര്‍: ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പാകിസ്താന് തടവുകാരന് ജയിലിനുള്ളില്‍വെച്ച് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റില്‍. ഭജന്‍, അജിത്, മനോജ്, കുല്‍വിന്ദര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രൊഡക്ഷന്‍ വാറന്റിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഫെബ്രുവരി ഇരുപതിനാണ് പാകിസ്താനിലെ സില്‍കോട്ട് സ്വദേശിയായ ശകര് ഉള്ള രാജസ്ഥാനിലെ ജയ്പുര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ കൊല്ലപ്പെട്ടത്.

ടി വിയുടെ ശബ്ദവുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് ശകറിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ശകര് ഉള്‍പ്പെടെ നാലോളം തടവുകാര്‍ ടി വി കാണുകയായിരുന്നു. അതിനിടെ ടി വിയുടെ ശബ്ദവുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടയില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് സംഘത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് ശകറിന്റെ തല കല്ലില്‍ ഇടിപ്പിക്കുകയായിരുന്നു.
2011ലാണ് ശകര് അറസ്റ്റിലാകുന്നത്. യു എ പി എ പ്രകാരമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 2017ല്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചു. ശകറിന്റെ മരണത്തിനു പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മീഷന് രാജസ്ഥാന് സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. കൂടാതെ, പാകിസ്താന് സ്വദേശികളായ തടവുകാരുള്ള ജയിലുകളില്‍ സുരക്ഷാനടപടികള്‍ ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശവും നല്‍കിയിരുന്നു.

