ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സുപ്രധാന വാഗ്ദാനവുമായി കോണ്ഗ്രസ്. കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിലാകും പദ്ധതി നടപ്പാക്കുക. പട്ടിണി ഇല്ലാതാക്കാനുള്ള ചരിത്രപരമായ നീക്കമാണിത്. ഛത്തീസ്ഗഡിലെ കിസാൻ റാലിയിൽ പങ്കെടുക്കവേയാണു രാഹുലിന്റെ പ്രഖ്യാപനം.
പ്രസംഗത്തിൽ ബിജെപിയെ കടന്നാക്രമിക്കാനും രാഹുൽ മറന്നില്ല. രാജ്യത്തു രണ്ടുതരം ഇന്ത്യക്കാരെ സൃഷ്ടിക്കാനാണു ബിജെപിയുടെ ശ്രമം. അനിൽ അംബാനി, നീരവ് മോദി, വിജയ് മല്യ, മെഹുൽ ചോക്സി തുടങ്ങിയവരും പാവപ്പെട്ട കർഷകരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ധനിക വ്യവസായികൾക്ക് അനുകൂലമായാണു പ്രവർത്തിക്കുന്നത്. പാവം കർഷകരെ കേന്ദ്ര സർക്കാർ മറന്നു– രാഹുൽ ആരോപിച്ചു.

