ലക്നോ: ഈ ദിവസങ്ങളിലൊന്നില്‍ താനും കൊല്ലപ്പെട്ടേക്കുമെന്ന് ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ. ബുലന്ദേശ്വറിലെ ആള്‍ക്കൂട്ട കൊലപാതക കേസില്‍ പ്രധാനപ്രതി ഉള്‍പ്പെടെ ഏഴു പേര്‍ക്ക് ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.
നിയമവ്യവസ്ഥയില്‍ താന്‍ അങ്ങേയറ്റം നിരാശയിലാണെന്ന് ബുലന്ദേശ്വറില്‍ കൊല്ലപ്പെട്ട ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിംഗിന്റെ ഭാര്യ രജനി സിംഗ് പറഞ്ഞു. ഈ ദിവസങ്ങളില്‍ താനും കൊല്ലപ്പെട്ടേക്കാം. അത് തന്നെയാവും നന്നാവുക. ആരും പരാതിപ്പെടാനും കേള്‍ക്കാനും ഉണ്ടാകില്ലെന്നും അവര്‍ എന്‍ഡിടിവിയോട് പറഞ്ഞു.
കേസില്‍ 33 പ്രതികളില്‍ ഏഴു പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. പ്രധാനപ്രതിയായ യോഗേഷ് രാജിനും ജാമ്യം ലഭിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് സുബോധ് കുമാറിന്റെ കുടുംബം ആവശ്യപ്പെട്ടു.
ഇവരെ നിയമത്തിന് മുമ്ബില്‍ കൊണ്ടുവരാനായില്ലെങ്കില്‍ ആരെയാണ് കൊണ്ടുവരാന്‍ കഴിയുക? രാജ്യത്തിന് വേണ്ടി ജീവന് സമര്പ്പിച്ചവന് നീതി ലഭിച്ചില്ലെങ്കില്‍ ആര്‍ക്കാണ് ലഭിക്കുക? എനിക്കിവിടുത്തെ രീതി എന്താണെന്ന് മനസിലാവുന്നില്ലെന്നും രജനി പറഞ്ഞു.
ബുലന്ദേശ്വറിനു സമീപം മഹവ് ഗ്രാമത്തിലുണ്ടായ കലാപത്തിലാണ് സുബോധ് കുമാര്‍ കൊല്ലപ്പെട്ടത്. ഗ്രാമത്തില്‍ പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്നാണ് അക്രമം ഉണ്ടായത്. അക്രമം തടയാനെത്തിയ സുബോധ് കുമാറിനെ പശുരക്ഷാ ഗുണ്ടകള്‍ കൊലപ്പെടുത്തുകയായിരുന്നു.
കേസിലെ മുഖ്യപ്രതിയായ യോഗേഷ് രാജായിരുന്നു പശുവിന്റെ ജഡം കണ്ടതിലെ പരാതിക്കാരന്. പ്രദേശത്ത് 25 ഓളം പശുക്കളുടെ അഴുകിയ ജഡങ്ങള്‍ നാട്ടുകാര്‍ കണ്ടുവെന്ന് ആരോപിച്ചായിരുന്നു ഇയാളുടെ പരാതി. പശുവിന്റെ ജഡവുമായി പ്രതിഷേധക്കാര്‍ പോലീസ് സ്റ്റേഷന് മുന്നിലെത്തുകയും തുടര്‍ന്ന് ദേശീയപാത ഉപരോധിക്കുകയും ചെയ്തതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
ദേശീയപാത ഉപരോധിച്ചവരെ നീക്കാന്‍ പോലീസ് ശ്രമം തുടങ്ങിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ആദ്യം പോലീസ് വാഹനത്തിനും പിന്നീട് പ്രദേശത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിടുകയായിരുന്നു. ഇതിനിടെ പോലീസിനെതിരേ വ്യാപക കല്ലേറുമുണ്ടായി.
കല്ലേറില്‍ സുബോധ് കുമാറിന്റെ തലയ്ക്ക് സാരമായ പരിക്കേറ്റു. ഉടനെ സുബോധിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നാലെ എത്തിയ അക്രമികള്‍ വാഹനം തടഞ്ഞ് സുബോധിനെ വെടിവച്ചു കൊല്ലുകയായിരുന്നു.


