കൊവിഡിനെ പ്രതിരോധിക്കാനായി കൊറോണില്‍ എന്ന മരുന്ന് കണ്ടുപിടിച്ചെന്ന വാദവുമായി രംഗത്തെത്തിയ പതഞ്ജലി സ്ഥാപകന്‍ രാംദേവടക്കം അഞ്ച് പേര്‍ക്കെതിരെ ജയ്പൂര്‍ പോലീസ് കേസെടുത്തു. ബല്‍റാം ജഖാര്‍ എന്നയാളാണ് എഫ് ഐ ആര് സമര്‍പ്പിച്ചത്.
ഐ പി സി സെക്ഷന്‍ 420 (വഞ്ചനാകുറ്റം) ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പതഞ്ജലി ആയുര്വേദികിന്റെ കൊറോണില്‍ എന്ന മരുന്ന് കൊവി ഡിനെ പ്രതിരോധിക്കുമെന്ന പേരില്‍ പ്രചാരണം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ആരോപണം
പതഞ്ജലി സ്ഥാപകന്‍ രാംദേവ്, സി ഇ ഒ ആചാര്യ ബാലകൃഷ്ണ, ശാസ്ത്രജ്ഞന് അനുരാഗ് വര്‍ഷ്നി, നിംസ് ചെയര്മാന് ബല്‍ബീര്‍ സിംഗ് തോമര്‍, നിംസ് ഡയറക്ടര്‍ അനുരാഗ് തോമര്‍ എന്നിവ ര്‍ക്കെതിരെ ഇന്നലെയാണ് ജയ്പൂരിലെ ജ്യോതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
രാംദേവിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് സ്റ്റേഷന് ഓഫീസര്‍ സുധീര്‍ കുമാര്‍ ഉപാധ്യായ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു. കൊവിഡ് രോഗികളില്‍ സര്‍ക്കാറിന്റെ അനുമതിയില്ലാതെ മരുന്ന് പരീക്ഷിച്ചതിനാണ് നിംസ് ചെയര്മാന് ബല്‍ബീര്‍ സിംഗിനെതിരെ കേസെടുത്തിരിക്കുന്നത്.


