ചൈനയ്ക്ക് ഭീഷണിയുമായി ഇന്ത്യ. നിയന്ത്രണ രേഖയിലെ നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചാല്‍ ചൈന ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈനയ്ക്ക് ഇന്ത്യ മുന്നറിയിപ്പ് നല്കി. അതിര്‍ത്തിയിലെ സമാധാനത്തെ മാത്രമല്ല, രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെയും അത് ബാധിക്കും. കിഴക്കന്‍ ലഡാക്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു.
നിലവിലെ സ്ഥിതിഗതികള്‍ക്ക് മാറ്റം വരുത്താന്‍ ഒരു രീതിയിലും ചൈന ശ്രമിക്കാതിരിക്കുകയാണ് കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം ഒഴിവാക്കാനുള്ള ഏക മാര്‍ഗ്ഗമെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്രി പറഞ്ഞു. പിടിഐക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. നിലവിലെ പ്രശ്നത്തിനുള്ള പരിഹാരം ഞങ്ങളുടെ വീക്ഷണകോണില്‍ വ്യക്തമാണ്. ഇന്ത്യന്‍ സൈനികരുടെ സാധാരണ പട്രോളിങ്ങിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്ന നടപടികള്‍ ചൈന അവസാനിപ്പിക്കണം-അദ്ദേഹം പറഞ്ഞു.
ഗാല്‍വന്‍ താഴ്വരയുടെ മേലുളള ചൈനയുടെ അവകാശവാദം അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള അതിശയോക്തി കലര്‍ന്ന അവകാശവാദങ്ങള്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായകമാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


