ബംഗളൂരു: കന്നഡ ചലച്ചിത്ര സംവിധായകനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊള്ളയടിച്ച കേസിൽ നടി ഉൾപ്പെടെ 11 പേര് അറസ്റ്റിൽ. ഫെബ്രുവരി 11ന് അനീഷ് അഡുഗോഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടര്‍ന്ന് ബംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്.
സംവിധായകനും അദ്ദേഹത്തിന്റെ റിലീസ് ചെയ്യാത്ത ചിത്രത്തിന്റെ നിര്‍മാതാവും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് എത്തിയത്. അറസ്റ്റിലായവരിൽ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും നടിയുമായ ഐശ്വര്യ എന്ന ആഷ് മെലോയും ഉൾപ്പെടുന്നു. ‘ജീവനാദ ഭാഷേ’ എന്ന പേരിൽ ഒരു പുതിയ ചിത്രം സംവിധാനം ചെയ്തിട്ടുണ്ടെന്നും എന്നാൽ ആ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും അനീഷ് പരാതിയിൽ പറയുന്നു. എന്നാൽ, ചിത്രത്തിലെ നിര്‍മാതാക്കളിലൊരാൾ സഹസംവിധായകനും സംവിധായകനുമായി സാമ്പത്തിക തർക്കത്തിൽ ഏർപ്പെട്ടതിനെത്തുടർന്ന് സ്ഥിതിഗതികൾ വഷളായി.രണ്ട് മാസം മുമ്പാണ് അനീഷ് ബംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് താമസം മാറിയതെന്ന് റിപ്പോർട്ടുണ്ട്.


