മുംബൈ: രാജ്യത്തെ എ.ടി.എമ്മുകളില്‍നിന്ന് 2000 രൂപ നോട്ടുകള്‍ ഒഴിവാക്കിത്തുടങ്ങി. ഇന്ത്യന്‍ ബാങ്ക് ഇക്കാര്യം ഉപഭോക്താക്കളെ നേരിട്ട് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ബാങ്ക് ശാഖകളോട് അടുത്തുള്ള എ.ടി.എമ്മുകളില്‍നിന്ന് 2000 രൂപ നോട്ട് ലഭിച്ചാല്‍ ഇതു മാറ്റിവാങ്ങുന്നതിന് ആളുകള്‍ എത്തുന്നത് ശാഖകളില്‍ തിരക്കുകൂട്ടുന്നതാണ് കാരണമായി പറഞ്ഞത്. അതേസമയം, മറ്റു ബാങ്കുകളും 2000 രൂപയുടെ കാസറ്റുകള്‍ എ.ടി.എമ്മുകളില്‍നിന്ന് നീക്കുന്നതായാണ് വിവരം. പകരം 500, 200, 100 രൂപ നോട്ടുകളായിരിക്കും എ.ടി.എമ്മില്‍നിന്നു ലഭിക്കുക.
2019 ഡിസംബര്‍വരെയുള്ള കണക്കനുസരിച്ച് രാജ്യത്താകെ 2,10,000 എ.ടി.എമ്മുകളാണുള്ളത്. ഇവയിലെ 2000 രൂപയുടെ കാസറ്റ് നീക്കംചെയ്തുകൊണ്ടിരിക്കുകയാണെന്ന് ബാങ്കിങ് മേഖലയില്‍നിന്നുള്ളവര്‍ അറിയിച്ചു. എസ്.ബി.ഐ., ഫെഡറല്‍ ബാങ്ക് എന്നിങ്ങനെ ചില ബാങ്കുകളുടെ എ.ടി.എമ്മുകളില്‍നിന്ന് ഇപ്പോഴും 2000 രൂപ നോട്ടുകള്‍ ലഭിക്കുന്നുണ്ടെങ്കിലും എണ്ണത്തില്‍ വളരെ കുറവാണ്. 2000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതുസംബന്ധിച്ച് സര്‍ക്കാരോ റിസര്‍വ് ബാങ്കോ ഇതുവരെ സൂചനനല്കിയിട്ടില്ല. ഇത് ക്രയവിക്രയത്തില്‍ തുടരും. ഇന്ത്യന്‍ ബാങ്ക് 2000 രൂപ നോട്ടുകളുടെ ഇടപാടുകള്‍ ബാങ്ക് ശാഖകളില്‍ മാത്രമായി ചുരുക്കുകയാണ്. ഈ നോട്ടുകള്‍ പരമാവധി ക്രയവിക്രയത്തിലേക്കുവരുന്നത് ഒഴിവാക്കപ്പെടുന്നുണ്ട്. ബാങ്കുകളിലെത്തുന്ന 2000 രൂപ നോട്ടുകളില്‍ വലിയൊരുഭാഗം കറന്‍സി ചെസ്റ്റുകളിലേക്ക് മാറ്റുന്നതായാണ് വിവരം.
2016-ല്‍ നോട്ട് അസാധുവാക്കിയതിനോടനുബന്ധിച്ച് വിപണിയില്‍ വേഗത്തില്‍ പണമെത്തിക്കുന്നതിനാണ് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. ഇപ്പോള്‍ മൂല്യംകുറഞ്ഞ നോട്ടുകള്‍ ആവശ്യത്തിന് വിപണിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.