കലബുറഗി: കര്‍ണാടകയില്‍ സൂര്യഗ്രഹണ സമയത്ത് ഭിന്നശേഷിക്കാരായ കുട്ടികളെ തല വരെ മണ്ണില്‍ കുഴിച്ചിട്ടു. ശാരീരിക വെല്ലുവിളികളില്‍ നിന്ന് മോചനമുണ്ടാകുമെന്ന് കരുതിയാണ് കുട്ടികളെ കുഴിച്ചിട്ടത് എന്ന് മാതാപിതാക്കള്‍ പറഞ്ഞു. അവശരായ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത് വിവരമറിഞ്ഞ് തഹസീല്‍ദാറും സംഘവുമെത്തിയ ശേഷമാണ്. കര്‍ണാടകയിലെ കലബുറഗിലാണ് സംഭവം.
സൂര്യഗ്രഹണ സമയത്ത് തല വരെ മണ്ണില്‍ കുഴിച്ചിട്ടാല്‍ കുട്ടികള്‍ക്ക് അവര്‍ നേരിടുന്ന ശാരീരിക വെല്ലുവിളികളില്‍ നിന്ന് മോചനമുണ്ടാകുമെന്ന് അവിടത്തെ ജന വിഭാഗം വിശ്വാസിച്ചു വരുന്നു. താജ്സുല്ത്താന്പുര് ഗ്രാമത്തില്‍ മൂന്ന് കുട്ടികളെയാണ് ഇത്തരത്തില്‍ രാവിലെ എട്ട് മണി മുതല്‍ 11.05 വരെ മണ്ണില്‍ കുഴിച്ചിട്ടത്. താജ്സുല്ത്താന്പൂരിന് സമീപമുള്ള ഐനോളി ഗ്രാമത്തിലും സമാന സംഭവമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഡെപ്യൂട്ടി കമ്മീഷണര്‍ സംഭവം അറിഞ്ഞ ഉടന്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. തഹസീല്‍ദാറുടെ നേതൃത്വത്തിലുള്ള സംഘമെത്തി കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം വിവാദമായതോടെ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിന്റെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്.


