മുംബൈ: മഹാരാഷ്ട്രയിൽ ത്രികക്ഷി സഖ്യത്തിന്റെ നിയമഭാകക്ഷി നേതാവായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറയെ തിരഞ്ഞെടുത്തു. ശിവസേന, എൻസിപി, കോൺഗ്രസ് കക്ഷികളുടെ സംയുക്ത യോഗത്തിലാണ് ഉദ്ധവിനെ നേതാവായി തിരഞ്ഞെടുത്തത്. സഖ്യ നേതാക്കൾ ചൊവ്വാഴ്ച രാത്രി ഗവർണർ ഭഗത് സിങ് കോഷിയാരിയെ കാണും. ഡിസംബർ 1 നു മുംബൈ ശിവാജി പാർക്കിൽ നടക്കുന്ന ചടങ്ങിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ അറിയിച്ചു.
എൻസിപി നേതാവ് ജയന്ത് പാട്ടീലാണ് നിയമസഭാ കക്ഷി നേതാവായി ഉദ്ധവ് താക്കറെയുടെ പേര് നിർദേശിച്ചത്. കോൺഗ്രസിന്റെ ബാലാസാഹെബ് തോറാട്ട് പിന്താങ്ങി. ചൊവ്വാഴ്ച വൈകിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രിയും അജിത് പവാറും രാജിവച്ചതിനു പിന്നാലെയാണ് ശിവസേന–എൻസിപി–കോൺഗ്രസ് ‘മഹാപുരോഗമന’ സഖ്യത്തിന്റെ യോഗം ചേർന്നത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്കുള്ളില്‍ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നടത്തണമെന്ന സുപ്രീം കോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് അജിത് പവാറിന്റെയും ദേവേന്ദ്ര ഫഡ്നാവിസിന്റെയും രാജി.
ഇതോടെ മഹാരാഷ്ട്ര ഭരണം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ അപ്രതീക്ഷിത നീക്കങ്ങള്‍ക്ക് അവസാനമായി. അജിത് പവാര്‍ അടക്കം മൂന്ന് എംഎല്‍എമാരാണ് എന്‍സിപിയില്‍നിന്ന് ബിജെപിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നില്ല.


