ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സ്പീക്കര്‍ അയോഗ്യരാക്കിയവിമത കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ പ്രതിനിധീകരിച്ചിരുന്ന 15 മണ്ഡലങ്ങളില്‍ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് മാറ്റിവെച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ എംഎല്‍എമാര്‍ നല്കിയ ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ ഉപതിരഞ്ഞെടുപ്പ് നീട്ടിവെക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കേരളത്തിലടക്കം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടബോര്‍ 21-ന് കര്‍ണാടകത്തിലെ 15 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി കണ്ടെത്തിയാല്‍ വൈകാതെ തന്നെ തിരഞ്ഞെടുപ്പ് നടന്നേക്കും.
മറിച്ചാണ് നടപടിയെങ്കില്‍ കൂടുതല്‍ നിയമകുരുക്കകളിലേക്ക് പോകും. യെദ്യൂരപ്പ സര്‍ക്കാരിന് ഏറെ നിര്‍ണായകമാണ് ഈ ഈ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം.


