കന്‍വാര്‍ യാത്രാവഴിയിലെ ഭക്ഷണശാലകളുടെ ഉടമസ്ഥരുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ തുടരും.മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, സർക്കാറുകളോടും സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.ഓഗസ്റ്റ് അഞ്ചുവരെയാണ് സ്റ്റേ നീട്ടിയത്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി എന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.തീർത്ഥാടകരുടെ മതവികാരം വ്രണപ്പെടാതിരിക്കാനാണ് നിർദേശം നൽകിയതെന്ന് യുപി സർക്കാർ ഇന്ന് സത്യവാങ്മൂലം സമർപ്പിച്ചു. നിർദേശം എല്ലാ കടയുടമകൾക്കും ബാധകമാണെന്നും, ആരോടും വിവേചനം കാണിച്ചിട്ടില്ലെന്നും യുപി സർക്കാർ വിശദീകരിച്ചു.
കന്‍വാര്‍ തീര്‍ത്ഥാടകരുടെ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായാണ് ഉത്തരവ് പുറത്തിറക്കിയത്. അറിയാതെ പോലും വിശ്വാസ സംരക്ഷണത്തിന് കോട്ടം വരരുത്. യാത്രാവഴിയില്‍ സമാധാനവും സ്വസ്ഥതയും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നുമാണ് യുപി സര്‍ക്കാര്‍ അറിയിച്ചത്.ഉത്തരവിനെതിരെ ടിഎംസി എംപി മഹുവ മൊയിത്രയും വിവിധ വ്യക്തികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഒരു മതവിഭാഗത്തിനെതിരെ സാമ്പത്തിക ഭ്രഷ്ട് കൽപിക്കാനുള്ള നീക്കമാണെന്നാണ് ഹർജിക്കാരുടെ വാദം.


