ഐസ്വാൾ: പരിക്കേറ്റ കോഴിക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പത്തുരൂപ നോട്ടുമായി ആശുപത്രിയിലേക്ക് ഓടിയ ബാലന് അന്തർദേശീയ അംഗീകാരം. മൃഗക്ഷേമത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ‘പീറ്റ’ (പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ്) ആണ് ആറു വയസുകാരനായ ഡെറക്ക് സി ലല്ക്കനിമയെ പുരസ്കാരം നൽകി അംഗീകരിച്ചത്. പീറ്റയുടെ ‘കംപാഷനേറ്റ് കിഡ്’ പുരസ്കാരമാണ് മിസോറാം സ്വദേശിയായ കുട്ടിയെ തേടിയെത്തിയത്. എട്ട് വയസിനും പന്ത്രണ്ട് വയസിനും ഇടയിലുളള്ള കുട്ടികൾക്കാണ് പീറ്റ കംപാഷനേറ്റ് കിഡ് പുരസ്കാരം നൽകുന്നത്.

ഡെറകിന്റെ സമ്മാനപത്രത്തിൽ ‘പീറ്റ’ കുറിച്ചത് ഇങ്ങനെ, “മൃഗങ്ങളോടുള്ള സഹാനുഭൂതി മനുഷ്യനുൾപ്പെടെ എല്ലാ ജീവി വർഗ്ഗങ്ങളോടുമുള്ള സഹാനുഭൂതിയാണ്. എല്ലാ ജീവി വർഗ്ഗങ്ങൾക്കും എതിരായ ക്രൂരതയ്ക്ക് എതിരുനിൽക്കലാണ്. അതുകൊണ്ട് നമുക്കൊപ്പം ഈ ഭൂമി പങ്കിടുന്ന മറ്റു മൃഗങ്ങളോട് ചെറിയ പ്രായത്തിൽ തന്നെ സ്നേഹം കാട്ടുന്ന കുട്ടികളെ അംഗീകരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഡെറകിനെ പോലെയുള്ള കുട്ടികളുള്ളപ്പോൾ മനുഷ്യകുലത്തിന്റെ ഭാവി സുരക്ഷിതമാണ്.”
ലോകം നല്ലതാണ്, നല്ലവരുടേതാണ്.

