അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് (Hindenburg) റിസർച്ച് ഉന്നയിച്ച ആരോപണൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു. സംശയകരമായ ഇടപാടുകൾ ഉണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാൻ പുതിയ സമിതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്. അദാനി-ഹിൻഡൻബർഗ് അന്വേഷണത്തിൽ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്കെതിരെ (സെബി) ഉന്നയിച്ച ആരോപണങ്ങളിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അതൃപ്തി രേഖപ്പെടുത്തി.
“സ്റ്റോക്ക് മാർക്കറ്റ് കൃത്രിമത്വം അന്വേഷിക്കാൻ മാത്രം ചുമതലപ്പെടുത്തിയിട്ടുള്ള ഒരു നിയമപരമായ സ്ഥാപനമാണ് സെബി. ശരിയായ വസ്തുക്കളൊന്നുമില്ലാത്ത കോടതി സെബിയെ ഞങ്ങൾക്ക് വിശ്വാസമില്ലെന്നും ഞങ്ങൾ സ്വന്തമായി എസ്ഐടി രൂപീകരിക്കുമെന്നും പറയുന്നത് ശരിയാണോ?,” ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹർജിക്കാരിയായ അനാമിക ജയ്സ്വാളിനു വേണ്ടി പ്രശാന്ത് ഭൂഷണാണ് ഹാജരായത്.
നിലവിലെ വിദഗ്ധ സമിതിയെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണത്തെയും സംശയിച്ച ഹർജിക്കാരുടെ നിലപാടിനെയും കോടതി ചോദ്യം ചെയ്തു. നിയമപരമായി സ്ഥാപിക്കപ്പെട്ട സംവിധാനമായ സെബിയെ സംശയിക്കുന്നതെങ്ങനെയെന്നു ചീഫ് ജസ്റ്റിസ് ചോദിച്ചു. വിദഗ്ധ സമിതിയിലെ നിഷ്പക്ഷത ചോദ്യം ചെയ്തതിനോടും കോടതി വിയോജിച്ചു. തെളിവുകൾ ഇല്ലാതെയുള്ള ആരോപണം ഉന്നയിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.


