കേന്ദ്രസർക്കാർ പിൻവലിച്ച കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് നടിയും ലോക്സഭ എംപിയുമായ കങ്കണ റണൗട്ട് നടത്തിയ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി. കങ്കണയുടെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ ചുമതലപ്പെടുത്തിയ ആളല്ല കങ്കണയെന്നും അവർ പറഞ്ഞ അഭിപ്രായം തീർത്തും വ്യക്തിപരമാണെന്നും അദ്ദേഹം വാർത്താസമ്മേളനം നടത്തി വിമർശിച്ചു.
‘സമൂഹ മാധ്യമങ്ങളിൽ കേന്ദ്രസർക്കാർ പിൻവലിച്ച കാർഷിക നിയമങ്ങളെ കുറിച്ചുള്ള ബിജെപി എംപി കങ്കണ റണൗട്ടിന്റെ പ്രസ്താവന വൈറലായിരിക്കുകയാണ്. ഇത് കങ്കണയുടെ വ്യക്തിപരമായ പ്രസ്താവന മാത്രമാണെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബിജെപിയ്ക്ക് വേണ്ടി ഇത്തരമൊരു പ്രസ്താവന നടത്താൻ കങ്കണയ്ക്ക് അധികാരമില്ല. കാർഷിക നിയമങ്ങളെ കുറിച്ച് ബിജെപിയുടെ കാഴ്ചപ്പാട് ഇതല്ല. കങ്കണയുടെ പ്രസ്താവനയെ അപലപിക്കുന്നു’. ഗൗരവ് ഭാട്ടിയ വ്യക്തമാക്കി.
ഹിമാചൽ പ്രദേശിലെ മാണ്ടിയിൽ ഇന്നലെ മാധ്യമപ്രവർത്തകരോടാണ് അവർ വിവാദ വിഷയത്തിലെ അഭിപ്രായം പറഞ്ഞത്. തൻ്റെ പ്രസ്താവന വിവാദമാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സംസാരിക്കുന്നതെന്നും മൂന്ന് കാർഷിക നിയമങ്ങളും തിരികെ കൊണ്ടുവരണം എന്നാണ് തൻ്റെ നിലപാടെന്നും അവർ പറഞ്ഞിരുന്നു. കാർഷിക നിയമങ്ങൾ കർഷകർക്ക് ഗുണം ചെയ്യും, കർഷകർ രാജ്യത്തിന്റെ വികസനത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്, കർഷക നിയമങ്ങൾക്കെതിരെ സമരം ചെയ്തത് ചില സംസ്ഥാനത്ത് നിന്നുള്ള ആളുകൾ മാത്രമാണ് തുടങ്ങിയ പരാമർശങ്ങളും അവർ നടത്തിയിരുന്നു. കർഷക സമരം ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭത്തിന് സമാനമായ സ്ഥിതി ഇന്ത്യയിലുണ്ടാക്കാൻ വേണ്ടി സൃഷ്ടിച്ചതാണെന്നും അവർ വിമർശിച്ചിരുന്നു.


