ദില്ലി : ജമ്മുകശ്മീരിന്റെ സമ്പൂർണ്ണ സംസ്ഥാന പദവി പുന സ്ഥാപിക്കണമെന്ന ആവശ്യത്തിന്മേലുള്ള ഹർജി ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ഒക്ടോബർ 10 ന് ശേഷം ഹർജി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിക്കെതിരായ ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
നിലവിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പ്രസിഡൻഷ്യൽ റഫറൻസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയാണെന്നും ഒക്ടോബറിന് മുന്നേ ഈ ഹർജി പരിഗണിക്കാനാകില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആർ ഗവായ് വ്യക്തമാക്കി.
നേരത്തെ ആഗസ്റ്റ് 14ന് ഹർജി പരിഗണിച്ച കോടതി 8 ആഴ്ചക്കുള്ളിൽ കേന്ദ്രം മറുപടി നൽകണമെന്ന് നിർദ്ദേശിച്ചിരുന്നു. ജമ്മുകശ്മീരിന്റെ നിലവിലെ സ്ഥിതി പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പഹൽഗാമിൽ 26 ജീവനുകൾ പൊലിഞ്ഞ ഭീകരാക്രമണം തള്ളിക്കളയാനാകില്ലെന്നും അന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിരുന്നു