ന്യൂഡൽഹി: ഇന്ത്യൻ സൈനികശക്തിക്ക് ഉണർവ് പകർന്ന് ചിനൂക് ഹെലികോപ്റ്ററുകൾ വ്യോമസേനയുടെ ഭാഗമായി. വ്യോമസേനയുടെ നവീകരണം ലക്ഷ്യമാക്കി ചണ്ഡീഗഡിലെത്തിച്ച നാല് ഹെലികോപ്റ്ററുകൾ തിങ്കളാഴ്ചയാണു വ്യോമസേനയുടെ ഭാഗമായത്. ലോകത്തു നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണു ചിനൂക്. 1962ലാണ് ഹെലികോപ്റ്റർ ആദ്യ പറക്കൽ നടത്തിയത്. അഫ്ഗാനിസ്ഥാന്, ഇറാഖ്, വിയറ്റ്നാം യുദ്ധങ്ങളിൽ യുഎസ് സേന ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

പകൽ സമയത്തു മാത്രമല്ല രാത്രിയും ചിനൂക് ഹെലികോപ്റ്ററിനെ ഉപയോഗപ്പെടുത്താനാകുമെന്നു വ്യോമസേനാ മേധാവി ബി.എസ്. ധനോവ പറഞ്ഞു. റഫാൽ യുദ്ധവിമാനങ്ങൾ സൈന്യത്തിൽ സ്വാധീനം ചെലുത്തുന്നതുപോലെയായിരിക്കും ചിനൂക്കിന്റെയും പ്രവർത്തനം. രാജ്യം നിരവധി സുരക്ഷാ വെല്ലുവിളികൾ നേരിടുന്നുണ്ട്. എത്തിച്ചേരാൻ ബുദ്ധിമുട്ടേറിയ പ്രദേശങ്ങളിലേക്കു സാമഗ്രികൾ എത്തിക്കാനുള്ള ശേഷി നമുക്ക് ആവശ്യമാണ്. ചിനൂക് രാഷ്ട്രത്തിനു മുതൽകൂട്ടാണ്– ധനോവ പറഞ്ഞു.
വ്യോമസേനയുടെ ശേഷിയുടെ വലിയ വളര്‍ച്ചയെന്നാണു ചിനൂക്കിന്റെ പ്രവർത്തനത്തെ സേന ട്വിറ്ററിൽ വിശേഷിപ്പിച്ചത്. 15 ഹെലികോപ്റ്ററുകള്‍ക്കുവേണ്ടി 1.5 ബില്യൻ ഡോളറാണ് ഇന്ത്യ മുടക്കുന്നത്. ഉയർന്ന പ്രദേശങ്ങളിലേക്കു സൈന്യത്തെയും ഭാരമേറിയ യന്ത്രങ്ങളും എത്തിക്കാൻ ചിനൂക്കിനു സാധിക്കും. ചിനൂക് ഹെലികോപ്റ്ററുകൾ പറത്തുന്നതിനു കഴിഞ്ഞ വർഷം മുതല്‍ വ്യോമസേന പൈലറ്റുമാർക്കു പരിശീലനം നൽകുന്നുണ്ട്. നാല് പൈലറ്റുമാരെയും നാല് എൻജിനീയർമാരെയുമാണ് ഇന്ത്യ ഇതിനായി യുഎസിലേക്ക് അയച്ചത്.


