പെഷ്വാർ: പെഷാവറിലെ പാകിസ്ഥാൻ അർദ്ധ സൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് സായുധ ആക്രമണം. കെട്ടിടത്തിലേക്ക് കടക്കാൻ ശ്രമിച്ച രണ്ടു ചാവേറുകളെ വധിച്ചെന്ന് പാകിസ്ഥാൻ. മൂന്ന് പാക് അർദ്ധ സൈനികരും കൊല്ലപ്പെട്ടു. കെട്ടിടത്തിൽ പലയിടത്തും സ്ഫോടനവും വെടിവെപ്പും. ഭീകരാക്രമണമെന്ന് പാക് ആഭ്യന്തര മന്ത്രാലയം. തിങ്കളാഴ്ചയാണ് വടക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലെ പെഷ്വാറിൽ പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്സിന് നേരെ ആക്രമണം നടന്നത്. രണ്ട് ചാവേറുകൾ ഹെഡ്ക്വാട്ടേഴ്സ് കോംപ്ലെക്സിന് നേരെയും ആക്രമണം നടത്തി. ആദ്യ ചാവേർ ഹെഡ്ക്വാട്ടേഴ്സ് കവാടത്തിലും രണ്ടാമൻ കോംപൗണ്ടിലും ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.
രണ്ട് ചാവേർ ആക്രമണമാണ് നടന്നത്. സൈനിക കന്റോൺമെന്റിന് സമീപത്താണ് സേനയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. രണ്ട് അക്രമികളെ സുരക്ഷാ സേന വെടിവച്ചു കൊന്നതായി പെഷവാർ പോലീസ് മേധാവി പറഞ്ഞു. ആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദേശം സൈന്യവും പൊലീസും വളഞ്ഞിരിക്കുകയാണ്.


