ദില്ലി: ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങിൽ പങ്കെടുത്തു. കൂടാതെ അമിത് ഷായും, രാജ് നാഥ് സിങും ചടങ്ങിലെത്തി. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ എസ് ഐ ആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.
ഹരിയാനയിലെ ഹിസാർ ജില്ലയിലെ പെറ്റ്വാർ ഗ്രാമത്തിൽ ജനിച്ച ജസ്റ്റിസ് സൂര്യകാന്ത് ഹിസാറിലെ ജില്ലാ കോടതികളിലാണ് പ്രാക്ടീസ് ആരംഭിച്ചത്. തുടർന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് മാറിയ സൂര്യകാന്ത്, 2000 ജൂലൈയിൽ, 38-ാം വയസ്സിൽ ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി നിയമിതനായി. 2004 ൽ 42-ാം വയസ്സിൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായ സൂര്യകാന്ത് 14 വർഷത്തോളം ആ പദവിയിൽ തുടർന്നു. 2018ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായ സൂര്യകാന്ത് 2019ലാണ് സുപ്രീം കോടതിയിലേക്ക് നിയമിക്കപ്പെട്ടത്.


