കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ കോടികള്‍ വിലമതിക്കുന്ന പാമ്പുമായി യുവാവ് പിടിയില്‍. ഇഷാ ഷൈഖ് എന്നയാളാണ് പിടിയിലായത്. ഗെക്കോ എന്ന വിഭാഗത്തില്‍പ്പെട്ട തക്ഷക് എന്നയിനം പാമ്പിനെ കടത്താന്‍ ശ്രമിക്കുമ്പോഴാണ് ഷൈഖ് പിടിയിലായത്.
ഏകദേശം 9കോടി രൂപയോളം വില വരുന്നതാണ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്ത പാമ്പെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം ഝാര്‍ഖണ്ഡില്‍ നിന്നുളള കളളക്കടത്ത് സംഘവുമായി താന്‍ പാമ്പിനെ പറ്റി സംസാരിച്ചിരുന്നുവെന്നും മാള്‍ഡ ജില്ലയിലെ കലിയാചൗകിലെ വനപ്രദേശത്ത് നിന്നാണ് പാമ്പിനെ പിടികൂടിയതെന്നും ഷൈഖ് പൊലീസില്‍ മൊഴി നല്കി. പാമ്പിനെ പൊലീസ് അധികൃതര്‍ വനംവകുപ്പിന് കൈമാറുകയും ചെയ്തു. ഷൈഖിനെ ജംഗിപൂര്‍ സബ് ഡിവിഷണല്‍ കോടതിയില്‍ ഹാജരാക്കി.
പാമ്പിനെ കടത്തിക്കൊണ്ട് പോകവെ മുര്‍ഷിദാബാദിലെ ഫറഖ പ്രദേശത്ത് നിന്ന് ഷൈഖിനെ പിടികൂടുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.

