ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരെ ഉയർന്ന ലൈംഗികാരോപണ പരാതിയുടെ വേരിലേക്കിറങ്ങി ചെന്ന് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് ആർ എഫ് നരിമാൻ, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് എതിരായ ആക്ഷേപമല്ല ചീഫ് ജസ്റ്റിസിന് എതിരായ ഗൂഢാലോചനയാണ് ബഞ്ച് പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് നരിമാൻ പറഞ്ഞു. വേരിലേക്കിറങ്ങി ചെന്ന് അന്വേഷിക്കുമെന്നും അതല്ലെങ്കിൽ സുപ്രീം കോടതി നിലനിൽക്കില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. മുൻ വിധിയോടെ അന്വേഷണം പാടില്ലെന്ന് ഇന്ദിര ജയ്സിംഗ് ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസിനെതിരെ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് ഇന്ദിര ജയ്സിംഗ് ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങൾ ബഞ്ചിൽ ഉന്നയിക്കരുതെന്നും ചീഫ് ജസ്റ്റിസിന് എതിരായ ഗൂഢാലോചനയാണ് ബഞ്ച് പരിഗണിക്കുന്നതെന്നും ജസ്റ്റിസ് ആർ എഫ് നരിമാൻ പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നു എന്നുകാട്ടി അഭിഭാഷകനായ ഉത്സവ് ബെയിൻസ് നൽകിയ സത്യവാങ്മൂലത്തിലെ ഉള്ളടക്കം അറിയണമെന്ന് പ്രമുഖ അഭിഭാഷക ഇന്ദിര ജയ്സിംഗ് ആവശ്യപ്പെട്ടു. അഭിഭാഷകന്റെ കത്ത് പുറത്തുവിടാനാകില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര മറുപടി നൽകി.


