ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി തിവാരിയുടെ മകന് രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയത് ഭാര്യ അപൂര്‍വ ശുക്ല തിവാരി.
തെക്കന്‍ ഡല്‍ഹിയിലെ ഇവരുടെ വീട്ടില്‍ നിന്ന് അപൂര്‍വയെ പോലീസ് അറസ്റ്റു ചെയ്തു. മദ്യലഹരിയിലായിരുന്ന രോഹിത് തിവാരിയെ മല്‍പ്പിടുത്തത്തിനൊടുവില്‍ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു പോലീസ് വ്യക്തമാക്കി.

അഭിഭാഷകയായ അപൂര്‍വയെ മൂന്നു ദിവസമായി പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു.
രോഹിത് ശേഖറിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാകുന്നത്.
ഏകദേശം ഒരു മണിയോടെയാണ് രോഹിത് ശേഖര്‍ കൊല്ലപ്പെട്ടത്. പിന്നാലെ അപൂര്‍വ തെളിവുകള്‍ എല്ലാം നശിപ്പിച്ചു. എല്ലാം ഒന്നര മണിക്കൂറിനുള്ളില്‍ തീര്‍ത്തുവെന്ന് പോലീസ് പറഞ്ഞു.ഏപ്രില്‍ 15 ന് രോഹിത് ശേഖര്‍ അമ്മ ഉജ്ജ്വലയ്ക്കും ഒരു ബന്ധുവിനുമൊപ്പം കാത് ഗോഡത്ത് വോട്ട് രേഖപ്പെടുത്തിയിരുന്നു.

തിരികെ വരുന്നതിനിടെ രോഹിത് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ 16 നു വൈകുന്നേരം നാലു മണിയോടെയാണ് രോഹിത് മൂക്കിലൂടെ രക്തം ഒലിച്ച് ബോധരഹിതനായി കിടക്കുന്നത് കണ്ടെത്തുന്നത്.
ഈ സമയം രോഹിതിന്റെ അമ്മ ചികിത്സയ്ക്കായ് ആശുപത്രിയിലായിരുന്നു. ഇതേ സമയം രോഹിതിന്റെ വീട്ടില്‍ നിന്ന് മകനു സുഖമില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് അയച്ച് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് നഷ്ടമായിരുന്നു.
തെളിവുകളുടെ അടിസ്ഥാനത്തിലാണ് അപൂര്‍വയെ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, തന്റെ സ്വപ്നവും പ്രതീക്ഷയും എല്ലാം തകര്‍ന്നടിഞ്ഞുവെന്നും അപൂര്‍വ നല്കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.

