ഗുവാഹത്തി: അസമിലെ ഗൊലഘട്ടിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരണ സംഖ്യ 102 ആയി ഉയര്‍ന്നു. അസം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശര്‍മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷമദ്യം മൂലമുള്ള മരണങ്ങള് കൂടുതല്‍ മേഖലകളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഓരോ പത്തു മിനിറ്റിലും പുതിയ മരണങ്ങള് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതായി മന്ത്രി വ്യക്തമാക്കി.

വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഉള്‍നാടന്‍ ഗ്രാമങ്ങളിലുണ്ടായ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇരുന്നൂറിലധികം പേര് ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണ സംഖ്യ 30 മാത്രമായിരുന്നു.
വ്യാഴാഴ്ച രാത്രിയോടെയാണ് മദ്യം കഴിച്ച നിരവധി പേര് കുഴഞ്ഞുവീഴുകയും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്തത്. തുടര്‍ന്ന് നിരവധി പേര് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടു. വ്യാഴാഴ്ച രാത്രി ഗൊലാഘട്ട് സിവില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ പന്ത്രണ്ട് പേര് മരിച്ചിരുന്നു. തുടര്‍ന്ന് രാത്രി വൈകി മൂന്ന് പേരും പതിനഞ്ച് പേര് വെള്ളിയാഴ്ചയുമാണ് മരിച്ചത്. ബാക്കിയുള്ളവര്‍ ശനിയാഴ്ചയോടെ മരിച്ചു.


