ദാവോസ്: മന്ത്രിയായിരുന്നില്ലെങ്കില്‍ താന്‍ എയര്‍ ഇന്ത്യക്കു വില പറഞ്ഞേനെയെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറം വാര്‍ഷിക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ മന്ത്രി പദവി വഹിച്ചിരുന്നില്ലെങ്കില്‍ എയര്‍ ഇന്ത്യക്കു താന്‍ വില പറഞ്ഞേനെ. ഇതിന് ലോകത്താകമാനം “ഉഭയകക്ഷി’ (ബൈലാറ്ററല്‍) ബന്ധങ്ങളുണ്ട്. നന്നായി നിയന്ത്രിച്ചിരുന്നവയും കാര്യശേഷിയുള്ളവയുമാണ് എയര്‍ ഇന്ത്യയും ഇതിന്റെ വിമാനങ്ങളും. തന്നെ സംബന്ധിച്ച് എയര്‍ ഇന്ത്യ ഒരു സ്വര്‍ണഖനിയാണെന്നും ഗോയല്‍ പറഞ്ഞു.
ഒരു നിശ്ചിത എണ്ണം സീറ്റുകളില്‍ സേവനങ്ങള്‍ പരസ്പരം പങ്കുവയ്ക്കാന്‍ വിമാനക്കന്പനികളെ അനുവദിക്കുന്ന രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഒരു കരാറാണ് “ഉഭയകക്ഷി’ (ബൈലാറ്ററല്‍) എന്നതുകൊണ്ട് ഗോയല്‍ ഉദ്ദേശിച്ചത്. 2018-19 വര്‍ഷത്തില്‍ 8556 കോടി രൂപയുടെ നഷ്ടം നേരിട്ട എയര്‍ ഇന്ത്യ, നിലവില്‍ 80,000 കോടിയുടെ കടക്കെണിയിലാണ്. എയര്‍ ഇന്ത്യയും ബിപിസിഎലും ഉള്‍പ്പെടെയുള്ള പൊതുമേഖലാ കന്പനികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നു.
രാജ്യത്തെ സാന്പത്തിക മാന്ദ്യം സംബന്ധിച്ചും മന്ത്രി മനസുതുറന്നു. വളരെ മോശം സന്പദ് വ്യവസ്ഥയാണ് മോദി സര്‍ക്കാരിന്റെ കൈയില്‍ ലഭിച്ചതെന്നും ഇതിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി അവകാശപ്പെട്ടു.