മുംബൈ: ബുലന്ദ്ശഹറിലെ ആള്‍ക്കൂട്ട അക്രമം സംബന്ധിച്ചു നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ബോളിവുഡ് നടന് നാസിറുദ്ദീന്‍ ഷാക്കെതിരെ തീവ്ര ഹിന്ദുത്വ സംഘടനകള്‍. അജ്മേര്‍ സാഹിത്യോല്സവത്തില് ഷാ നടത്താനിരുന്ന മുഖ്യപ്രഭാഷണം റദ്ദാക്കി.
ഷായ്ക്ക് പാക്കിസ്ഥാനിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി യുപിയിലെ നവനിര്‍മാണ്‍ സേന പ്രഖ്യാപിച്ചു. എന്നാല്‍ രാജ്യത്തെ സ്നേഹിക്കുന്ന, ആശങ്കയുള്ള ഇന്ത്യക്കാരനെന്ന നിലയിലാണ് അഭിപ്രായം പറഞ്ഞതെന്നും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നെന്നും നടന് നാസിറുദ്ദീന്‍ ഷാ വ്യക്തമാക്കി.
പൊലീസുകാരന്റെ മരണത്തെക്കാള്‍ പശുവിന്റെ മരണത്തിനു പ്രാധാന്യം കിട്ടുന്ന രാജ്യത്ത്, മതവിശ്വാസികളല്ലാതെ വളര്‍ന്ന തന്റെ രണ്ടു മക്കളുടെ സുരക്ഷയെക്കുറിച്ചോര്‍ത്ത് ആശങ്കയുണ്ടെന്നാണു നാസിറുദ്ദീന്‍ ഷാ പറഞ്ഞത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ നാസിറുദ്ദീന്‍ ഷാക്കെതിരെ ആക്രമണം ആരംഭിച്ചു.
കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുകയാണെന്നും ജനാധിപത്യ രാജ്യത്ത് ആരും ആരെയും ഭയപ്പെടേണ്ട കാര്യമില്ലെന്നും കേന്ദ്രമന്ത്രി മുഖ്തര്‍ അബ്ബാസ് നഖ്വിയും പ്രതികരിച്ചു.

